ഗുരുവായൂർ: വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന പ്രവാസികളും ഇതര സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയവരുമായി 83 പേർ ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിയുന്നു. 34 പ്രവാസികളെയും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 47 പേരെയും ഗുരുവായൂരിലെ സ്വകാര്യ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്തു. 37 പ്രവാസികൾ ഉണ്ടായിരുന്നതിൽ നാല് പേരെ സ്രവ പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിശോധനാ ഫലം അറിഞ്ഞിട്ടില്ല. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഐസോലേഷനിൽ പ്രവേശിപ്പിച്ച തൃശൂർ സ്വദേശിക്ക് രണ്ട് തവണയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഗുരുവായൂരിലെ ക്വാറന്റൈൻ ക്യാമ്പിലെത്തിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേരെ ഗുരുവായൂർ ദേവസ്വം സത്രത്തിലാണ് താമസിപ്പിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിന് പകരം ഹോം ക്വാറന്റൈൻ മതിയെന്നാണ് സർക്കാർ തീരുമാനം.