പാവറട്ടി: കൊവിഡ് 19 ലോക്ക് ഡൗൺ കാത്ത് സ്വന്തം വീട്ടുമതിലിൽ ചിത്രം വരച്ച് ശ്രദ്ധേയയാവുകയാണ് ചിറ്റാട്ടുകരയിലെ ലാൻസി ജോയ്‌സൺ എന്ന അദ്ധ്യാപിക. കടകൾ അടഞ്ഞുകിടന്നപ്പോൾ കാൻവാസ് ലഭ്യമല്ലാത്ത സാഹചര്യമാണ് സ്വന്തം കരവിരുത് മതിലിൽ ചാർത്താൻ ലാൻസിക്ക് പ്രചോദനമായത്. ലോക്ക് ഡൗൺ കാലത്തെ വീട്ടുപണികൾക്കു ശേഷം ഒഴിവുള്ള സമയങ്ങളിലാണ് ലാൻസി ചിത്രം വരയ്ക്കായി നീക്കിവച്ചത്.

ഭർത്താവ് ജോയ്‌സണിന്റെയും മക്കളുടെയും സഹായത്തോടെ ആദ്യം മതിൽ പൂർണ്ണമായും പെയിന്റ് ചെയ്തു. പിന്നീട് ആറു മീറ്റർ നീളത്തിലും രണ്ടു മീറ്റർ ഉയരത്തിലും കവാടത്തിന്റെ ഇരുവശങ്ങളിലുമായി ചിത്രങ്ങൾ വരയ്ക്കുകയായിരുന്നു. ഇന്ത്യയിലെ പല ട്രൈബൽ ആർട്ടുകളിൽ നിന്നും മ്യൂറൽ ആർട്ടുകളിൽ നിന്നും ലഭിച്ച പ്രചോദനം ഉൾക്കൊണ്ടാണ് തന്റേതായ പുതിയ രീതിക്ക് രൂപം നൽകിയത്.

മാനുകളും മാതള മരവും കാടും ഇടംനേടിയ മതിലിൽ ദേശാടന പക്ഷിയായ ഫ്‌ളെമിൻഗോയും സ്ഥാനം പിടിച്ചിട്ടുണ്ട്. പാവറട്ടി പുതുമനശ്ശേരി സെന്റ് മേരീസ് എൽ.പി സ്‌കൂളിലെ അദ്ധ്യാപികയാണ് ലാൻസി ജോയ്‌സൺ. കാൻവാസ് ലഭ്യമായാൽ ചിത്രങ്ങൾ വരച്ച് വിറ്റുകിട്ടുന്ന തുക സമാഹരിച്ച് കൊവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലാൻസി ഇപ്പോൾ.