കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഉല്ലാസ് വളവ് കോലാന്ത്ര ഗോപാലന്റെ മരണാനന്തര ചടങ്ങുകൾ നാടിന് നന്മയുടെ പാഠമേകുന്നതായി. പെരിഞ്ഞനം സഹകരണ ബാങ്ക് മുൻ ഡയറക്ടറും ആദ്യകാല സി.പി.എം അംഗവുമായ കോലാന്ത്ര ഗോപാലൻ കഴിഞ്ഞ മാസം 27നാണ് നിര്യാതനായത്. അന്ത്യാഭിലാഷ പ്രകാരം മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാർത്ഥം തൃശൂർ മെഡിക്കൽ കോളേജിന് കൈമാറി.
മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കൂടി ഇവർ തീരുമാനിച്ചു. ഭാര്യ കല്ലു, മക്കളായ സുരേഷ്, സുധ, സുനിൽ, ശുഭ, മരുമക്കളായ ഷാലി, അജിത്ത്, ഗോപാലകൃഷ്ണൻ, സീമ എന്നിവർ ചേർന്നെടുത്ത തീരുമാനപ്രകാരം മകൻ കെ.ജി സുനിൽ 25,000 രൂപയുടെ ചെക്ക് മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലിക്ക് കൈമാറി. അതോടൊപ്പം കയ്പ്പമംഗലം ഫിഷറീസ് സ്കൂളിൽ പഠിക്കുന്ന സുനിലിന്റെ മകൻ ഭഗതിന്റെ ക്ലാസിലെ പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കുന്നതിന് 10,000 രൂപയും പ്രിൻസിപ്പാളിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. ചെക്ക് കൈമാറുന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ രമേഷ് ബാബുവും സന്നിഹിതനായി.