പാവറട്ടി: കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞുകൂടിയ മാലിന്യം കനോലി കനാലിൽ നിന്നും യന്ത്രസഹായത്തോടെ നീക്കം ചെയ്യണമെന്ന് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്. അല്ലെങ്കിൽ വെങ്കിടങ്ങ് പഞ്ചായത്തിലെ മൂന്നൂറോളം വീടുകൾ മഴക്കാലത്ത് മുങ്ങുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. തീരദേശത്തെ റോഡുകളും മുങ്ങും. മഴവെള്ളം പുഴയിൽ സംഭരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കരയിലേക്ക് ഒഴുകി തീരദേശ മേഖല മുങ്ങും. പഞ്ചായത്തുകളുടെ അഭിപ്രായം കളക്ടർ ആരാഞ്ഞെങ്കിലും യന്ത്രം ഉപയോഗിച്ച് എക്കലും ചെളിയും മാറ്റുന്ന കാര്യം തീരുമാനമായിട്ടില്ല.

ഏനാമ്മാവ് റെഗുലേറ്റർ മുതൽ ഇടിയഞ്ചിറ വരെ ഏകദേശം ഏഴ് കിലോമീറ്റർ നീളത്തിൽ ഏനാമ്മാവ് കായലിൽ നിന്നും കനോലി കനാലിൽ നിന്നും പ്രളായ അവശിഷ്ടങ്ങൾ യന്ത്രം ഉപയോഗിച്ച് മാറ്റണം. തൊഴിലാളികളെ ഉപയോഗിച്ച് ചളിയെടുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. തൊഴിലാളികൾ തയ്യാറാണ്. എങ്കിലും ജൂൺ 15നകം ചളി മാറ്റാനാകില്ല.
അതിനാൽ യന്ത്രം ഉപയോഗിച്ച് പ്രളയ അവശിഷ്ടം മാറ്റണമെന്ന് കളക്ടറോട് വീണ്ടും ആവശ്യപ്പെടാൻ വെങ്കിടങ്ങ് പഞ്ചായത്ത് തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, കൃഷി ഓഫീസർ അശ്വതി ജി. പ്രസാദ്, വില്ലേജ് ഓഫീസർ പി.വി. ശിവദാസൻ, അസി. എൻജിനിയർ വി.കെ. പ്രതീഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലാളികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.