തൃശൂർ: വീണ വാദകൻ, ഗായകൻ, സംഗീതത്തിൽ വേറിട്ട വഴിതേടിയ യുവ സംഗീതജ്ഞൻ... അതെല്ലാമായിരുന്നു ആനന്ദ് കൗശിക് . അച്ഛൻ തന്നെ ഗുരുവാകുന്നതിൽപരം പുണ്യമെന്തെന്ന് ആനന്ദ് കൗശിക് പറയാറുണ്ട് . പാടി തീർക്കാൻ ഏറെയുണ്ടെന്ന് വിശ്വസിച്ചിരുന്ന ആനന്ദ് കൗശിക് പോയ് മറയുമ്പോൾ , ഇഴ പൊട്ടി വീണത് മധുര ഈണത്തിന്റെ കമ്പി കൂടിയാണ്.
ഗാനരചയിതാവ് റഫീക് അഹമ്മദ് അടക്കമുള്ള സംഗീതമേഖലയിലുള്ളവരുടെ യൂട്യൂബ് ചാനൽ 'സറ്റോരി' എന്ന സംഗീതക്കൂട്ടിൽ സജീവമായിരുന്നു. മരങ്ങൾ പൂക്കുന്നത് എന്ന ആൽബത്തിൽ റഫീകിന്റെ വരികൾക്ക് മധുരമാർന്ന ഈണവും കൗശികിന്റെ തന്നെ ആലാപനവും. ഇന്നും യൂട്യൂബിലെ ഹിറ്റുകളിലാണ് 'മരങ്ങൾ പൂക്കുന്നത് ' കുടികൊള്ളുന്നത് . സംഗീതത്തിൽ വേറിട്ട ഈണങ്ങൾക്ക് പിറകിലായിരുന്നു ആനന്ദ്കൗശികിന്റെ യാത്ര.
റഫീക് അഹമ്മദിന്റെ മകനെ കൊണ്ടും ആനന്ദ് കൗശിക് സംഗീതം നൽകി പാടിപ്പിച്ചിട്ടുണ്ട്. വീണവിദ്വാൻ അനന്തപത്മനാഭന്റെ മകനെന്ന സ്ഥാനത്തിലുപരി സംഗീത ശാഖയിൽ ആനന്ദ് കൗശിക് സ്വന്തം ഇരിപ്പിടം നേടിയിട്ടുണ്ട്. സംഗീത പാരമ്പര്യത്തിന്റെ കൈമുതലിനൊപ്പം പുതിയ കാലത്തിന്റെ സംഗീതത്തെ കുറിച്ചുള്ള ജ്ഞാനവും ആനന്ദിന്റെ സവിശേഷതയായിരുന്നു. പുതിയ കാലത്ത് മലയാള സംഗീത ലോകത്തിന് പ്രതീക്ഷയർപ്പിക്കാവുന്ന സംഗീതജ്ഞനായിരുന്നു ആനന്ദിലൂടെ നഷ്ടമായതെന്ന് കവി റഫീക് അഹമ്മദ് ഓർത്തു. മലയാള സംഗീത പാരമ്പര്യത്തിലൂന്നി മണ്ണിൽ ഉറച്ച് നിന്നതായിരുന്നു ആനന്ദിന്റെ ഈണങ്ങൾ. ഒരു തവണ കേട്ടാൽ ഓർത്തു വെച്ചു പോകുന്ന ലാളിത്യവും മധുരവും. തിരുപ്പതി, ഗുരുവായൂർ, തൃശൂർ തിരുവമ്പാടി ക്ഷേത്രങ്ങളിലെ സംഗീതോത്സവങ്ങളിൽ പതിവായി കച്ചേരി അവതരിപ്പിച്ചിരുന്ന ആനന്ദ് സ്വാതി സംഗീതസഭയുടെ പരിപാടികളിലും സജീവമായിരുന്നു. അമേരിക്കയിലടക്കം വീണക്കച്ചേരി അവതരിപ്പിച്ചു. നിരവധി ഹിറ്റ് ഫ്യൂഷൻ ആൽബങ്ങളും ആനന്ദ് കൗശികിന്റേതായുണ്ട്. സോഫ്ട് വെയർ ആർക്കിടെക്ട് ആയി ജോലി ചെയ്യുമ്പോഴും സംഗീതത്തിനായി പ്രത്യേക സമയം നീക്കിവെച്ചിരുന്നു. തിരുവനന്തപുരത്തെ കൈമനത്തെ വീട്ടിൽ വർഷങ്ങളായി വീണ പഠിപ്പിക്കുന്നുണ്ട് കൗശിക്. വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കൈപ്പിലൂടെയും വീണ അഭ്യസിപ്പിച്ചിരുന്നു. ഇപ്പോഴിതാ എല്ലാം മതിയാക്കി പിൻവാങ്ങിയിരിക്കുന്നു. ഏറ്റവും മധുരമായ ഒരു ഈണം പാതിയിൽ നിറുത്തി......