തൃശൂർ: കഴിഞ്ഞ ദിവസം നിര്യാതനായ കലാഭവൻ ജയേഷ് കോളജ് കലോത്സവ വേദികളിലൂടെ കലാരംഗത്ത് എത്തിയ നടനാണ്. ജയേഷ് ഒരു വർഷം കൊച്ചിൻ കലാഭവൻ മിമിക്രി സംഘാംഗവുമായിരുന്നു. തൃശൂർ കേരളവർമ്മ കോളജിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടന്ന മോണോ ആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനക്കാരൻ. ജയേഷ് ഇത്തുപ്പാടം എന്നാണ് ശരിയായ നാമം. ഇത്തുപ്പാടത്ത് അരീക്കാട്ട് ഇല്ലിമറ്റത്ത് ഗോവിനന്ദൻകുട്ടിയുടേയും ഗൗരിടീച്ചറിന്റേയും മകനാണ്. രണ്ട് പതിറ്റാണ്ടായി മിമിക്രിവേദികളിലെ നിറസാന്നിദ്ധ്യം.
കലാഭവൻ ജയേഷ് 11 സിനിമകളിൽ അഭിനയിച്ചു. കോട്ടയം നസീറിൻ്റെ സംഘത്തിൽ മൂന്നു വർഷം. ലാൽ ജോസിന്റെ 'മുല്ല'യായിരുന്നു ആദ്യ സിനിമ. പിന്നെ പാസഞ്ചർ, ക്രേസി ഗോപാലൻ, എൽസമ്മ എന്ന ആൺകുട്ടി, മോളി ആന്റി റോക്‌സ്, കരയിലേക്കൊരു കടൽ ദൂരം തുടങ്ങിയ സിനിമകളിലും. ഇന്നസെന്റ് കഥകൾ, ഫൈവ് സ്റ്റാർ തട്ടുകട, വാൽക്കണ്ണാടി, ജഗപൊഗ, നമ്മൾതമ്മിൽ, ചിരിക്കും പട്ടണം, മില്ലേനിയം മിമിക്‌സ്, സിനിമാ ചിരിമാല , സിനിമാല തുടങ്ങി വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലൂടെ നല്ല സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.
രമേശ് ചെന്നിത്തലയായി സിനിമാലയിലെ പ്രകടനമാണ് ജയേഷിനെ ജനകീയനാക്കി മാറ്റിയത്. കേരളവർമ്മയിൽ പഠിക്കുന്ന കാലത്ത് ഡി-സോൺ കലോത്സവത്തിൽ ഒന്നാമതെത്തിയ 'ഡെത്ത് വാച്ച്' എന്ന നാടകത്തിലെ പ്രധാന അഭിനേതാവായിരുന്നു ജയേഷ്. 'സു സു സുധി വാത്മീക'ത്തിലെ ബസ് കണ്ടക്ടറും ജയേഷിന്റെ ശ്രദ്ധിക്കപ്പെട്ട വേഷമായി. ഗുരുസ്ഥാനീയനായി ജയേഷ് കണ്ടിരുന്നത് ജയരാജ് വാര്യരെ ആയിരുന്നു. ചാക്യാർകൂത്തും ജയേഷ് അവതരിപ്പിക്കാറുണ്ടായിരുന്നു.സോൾട്ട് ആൻഡ് പെപ്പറിലെ ജയേ എൻ്റെ കഥാപാത്രത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം മറ്റത്തൂരിലാണ് ജയേഷ് കഴിഞ്ഞിരുന്നത്. ഭാര്യ: സുനജ. മക്കൾ: ശിവാനി, മകൻ അഞ്ചു വയസ്സുകാരൻ സിദ്ധാർത്ഥ് രണ്ട് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.