തൃശൂർ: ലോക്ക് ഡൗൺ കാലത്ത് ചക്കയും മാങ്ങയും തരംഗമായതോടെ മാവും പ്ലാവും നാടെങ്ങും നട്ടുപിടിപ്പിക്കാനുള്ള സമഗ്ര പദ്ധതിയുമായി കുടുംബശ്രീ
ജില്ലാമിഷൻ ലോക്ക് ഡൗൺ കാലം ഫലപ്രദമായി വിനിയോഗിച്ച് പരിസ്ഥിതി ദിനത്തിലേക്കായി മരത്തൈകൾ മുളപ്പിക്കാനാണ് ഒരുങ്ങുന്നത്. 'ചചമച' (ചക്കക്കുരു ചലഞ്ച് മാങ്ങയണ്ടി ചലഞ്ച്) എന്ന കാമ്പയിനിൽ ജില്ലയിലെ അയൽക്കൂട്ടങ്ങളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പിലാക്കും. പ്‌ളാവിൻതൈയും മാവിൻതൈയുമാണ് അയൽക്കൂട്ടങ്ങൾ മുളപ്പിക്കുക.
ഇങ്ങനെ മുളപ്പിച്ച തൈകൾ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നടും. മാർച്ച് ഏഴിനാണ് കാമ്പയിൻ തുടങ്ങിയത്. ഇപ്പോൾ സുലഭമായി ലഭിക്കുന്ന ചക്കക്കുരുവും മാങ്ങയും കവറിലാക്കി വിത്ത് മുളപ്പിക്കുകയാണ് ചക്കക്കുരു ചലഞ്ചിലും മാങ്ങയണ്ടി ചലഞ്ചിലും അയൽക്കൂട്ട അംഗങ്ങൾ ചെയ്യേണ്ടത്.
ഇത്തരത്തിൽ എല്ലാ അയൽക്കൂട്ട അംഗങ്ങളുടെയും വീടുകളിൽ വിത്ത് മുളപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അധികം സാമ്പത്തിക ചെലവില്ലാതെ അയൽക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തിൽ സ്വാഭാവികമായി പ്ലാവിന്റെയും മാവിന്റെയും നാടൻ തൈകൾ ഉത്പാദിപ്പിക്കാനാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതുവഴി ജൈവ വൈവിദ്ധ്യവും സംരക്ഷിക്കാനാകും
പങ്കെടുക്കുന്നത് :
24,698 അയൽക്കൂട്ടങ്ങൾ
നാല് ലക്ഷം കുടുംബങ്ങൾ
പ്രതീക്ഷിക്കുന്ന തൈകൾ: 10 ലക്ഷം
..............
'പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി അടിവരയിടുന്നതിനൊപ്പം ഈ ലോക്ക് ഡൗൺ കാലം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ അയൽക്കൂട്ടങ്ങളെ പ്രാപ്തതരാക്കാനും കഴിയും.'
കെ.വി. ജ്യോതിഷ്‌കുമാർ, ജില്ലാ കോ ഓഡിനേറ്റർ
............
പച്ചക്കറി വണ്ടി വീട്ടുമുറ്റത്ത്
കൊവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വിളവെടുക്കുന്ന പച്ചക്കറികൾ വിപണനം നടത്താനും കുടുംബശ്രീ വഴിയൊരുക്കുന്നു. ജില്ലയിലെ എം. കെ.എസ്.പി പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന സംഘകൃഷി ഗ്രൂപ്പുകൾക്ക് പച്ചക്കറി വിളവെടുക്കുന്നതിലും വിപണനം നടത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ പറ്റാത്തതിനാൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ സി.ഡി.എസുകളിലെ സംഘക്കൃഷി ഗ്രൂപ്പുകൾ ചെയ്യുന്ന പച്ചക്കറികളാണ് ഇങ്ങനെ വണ്ടിയിൽ ശേഖരിക്കുന്നത്. ജില്ലാതലത്തിൽ സേവനം ഒരുക്കുന്ന ഈ വണ്ടിയിൽ പച്ചക്കറികൾ ശേഖരിച്ച് ബ്ലോക്കുകളിലെത്തിച്ച് വിവിധ പ്രദേശങ്ങളിലായി വിറ്റഴിക്കും. കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത് എന്ന പദ്ധതിയുടെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ നിർവഹിച്ചു.