veedu-kaimarunnu
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ഫേമസ് വർഗ്ഗീസ്, സി.പി മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ ചേർന്ന് വീട് കൈമാറുന്നു

കയ്പമംഗലം: ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ പരിസരത്ത് തുപ്രാടൻ കുഞ്ഞയ്യപ്പൻ മകൻ അനിൽ കുമാറിനാണ് സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ദുബായ് ആസാ ഗ്രൂപ്പ് എം.ഡിയുമായ സി.പി സാലിഹ് താത്കാലിക വീട് നിർമ്മിച്ച് നൽകിയത്. അനിൽ കുമാറും ഭാര്യയും പ്രായപൂർത്തിയായ മകൾ ഉൾപ്പെടെ രണ്ട് മക്കളും താമസിച്ചിരുന്ന ഓലമേഞ്ഞ വീട് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മേൽക്കൂര തകർന്ന് മഴവെള്ളം മുഴുവനും വീടിനകത്തായ നിലയിലായിരുന്നു. ലോക്ക് ഡൗൺ കൂടി വന്നതോടെ ജോലിയൊന്നും ഇല്ലാതെ വീട്ടിലിരിപ്പായ അനിൽ കുമാറിന് സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ അറ്റകുറ്റപണികൾ ഒന്നും നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥ നേരിട്ടറിഞ്ഞ ആസാ ഗ്രൂപ്പ് പ്രതിനിധി ഹിലാൽ കുരിക്കളിന്റെ നേതൃത്വത്തിലാണ് 36 മണിക്കൂറുകൾക്കകം അടച്ചുറപ്പുള്ള താത്കാലിക വീട് ഒരുക്കിയത്. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ്, സി.പി മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ ചേർന്ന് വീട് കൈമാറി. പ്രദേശത്തെ സ്വാദി ക്ലബ്ബിലെ യുവാക്കളാണ് സൗജന്യമായി നിർമ്മാണ പ്രവർത്തനം നടത്തിയത്. വാർഡ് മെമ്പർ മനോഹരൻ, കയ്പമംഗലം എസ്.ഐ കെ.എസ് സുബിന്ത്, ടി.എം നിസാബ്, പ്രണവ് തലാശ്ശേരി, ഷെമീർ എളേടത്ത്, ഇൻഷാദ് വലിയകത്ത് തുടങ്ങിയവർ സന്നിഹിതരായി.