തൃപ്രയാർ: അതിജീവനത്തിന് ഒരുമ അനിവാര്യമെന്ന് വിളിച്ചോതുന്ന “ഒരുമയുടെ പെരുമ” സംഗീതകാവ്യവുമായി കേരള പൊലീസ് അക്കാഡമി. ഭീതി പരത്തിയ കൊവിഡ് വൈറസിനെ നേരിടുന്ന ആരോഗ്യപ്രവർത്തകരും, പൊലീസും, ജനതയും കൈകോർക്കുന്ന ആൽബത്തിന് മൂന്ന് മിനിറ്റ് ദൈർഘ്യമാണുള്ളത്. നന്മയുടെ കരങ്ങൾ എവിടെയും ഉണ്ടെന്ന സന്ദേശമോതിയുള്ള ആൽബത്തിൽ പരസ്പര സഹകരണത്തിന്റെയും, സഹാനുഭൂതിയുടെയും പുതിയ കാഴ്ച ഒരുക്കുന്നു. കേരള പൊലീസ് അക്കാഡമി ഡയറക്ടർ ഡോ. ബി. സന്ധ്യ സംഗീത ആൽബത്തിൽ ആശംസയർപ്പിച്ചിട്ടുണ്ട്.

വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളാണ് പ്രധാനമായി അഭിനയിച്ചിട്ടുള്ളത്. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രചിച്ച വരികൾക്ക് ദ്യശ്യാവിഷ്കാരം നൽകിയത് കേരള പൊലീസ് അക്കാഡമി എ.എസ്.ഐയായ സാന്റോ തട്ടിലാണ്. പെരിങ്ങോട്ടുകര സ്വദേശിനിയും വിദ്യാർത്ഥിനിയുമായ ആലില മുരളി മനോഹരമായി ആലപിച്ചിരിക്കുന്നു. സംഗീതം രാജേഷ് അപ്പുക്കട്ടൻ, കാമറ സുരേഷ് ബാബു, എഡിറ്റിംഗ് പൊലീസ് ഉദ്യോഗസ്ഥനായ മനുമോഹനൻ നിശ്ചല ഛായാഗ്രഹണം ജയൻ ബോസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. അന്തിക്കാട്, വാടാനപ്പിള്ളി. തൃപ്രയാർ, രാമവർമ്മപുരം പ്രദേശങ്ങളാണ് ലൊക്കേഷൻ. കേരള പോലീസ് അക്കാഡമി ഫേസ്ബുക്ക് പേജിലാണ് പുറത്തിറക്കിയത്. കേരള പൊലീസ് അക്കാഡമി ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത സംഗീത ആൽബം പുറത്തിറക്കി.