കാഞ്ഞാണി : കാരമുക്ക് ചാത്തംകുളങ്ങര പാടശേഖരത്തിൽ തെങ്ങ് തൈകൾ തണ്ണീർത്തട സംരക്ഷണത്തിന് വിരുദ്ധമായി കൃഷിയിടം രൂപമാറ്റം വരുത്തിയ ഉടമയ്ക്ക് പൂർവ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ നൽകിയ നോട്ടീസ് ഉടമ കൈപ്പറ്റിയില്ല. നോട്ടീസ് കൈപ്പറ്റാത്തതിനെ തുടർന്ന് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഉടമയുടെ വീടിന് മേൽ നോട്ടീസ് പതിച്ചു. 14 ദിവസത്തിനുള്ളിൽ പൂർവ സ്ഥിതിയിലാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസം അധികൃതരുടെ അനാസ്ഥ കേരളകൗമുദി റപ്പോർട്ട് ചെയ്തിരുന്നു.
ഇതേത്തുടർന്ന് മണലൂർ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കൃഷി ഓഫീസർ കൺവീനറുമായ തണ്ണീർത്തട സംരക്ഷണസമിതി തെങ്ങിൻ തൈകൾ വച്ച് രൂപമാറ്റം വരുത്തിയ കൃഷിയിടം സന്ദർശിച്ചു. തണ്ണീർത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായി കൃഷിയിടം രൂപമാറ്റം വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. കൃഷിയിടം പൂർവ സ്ഥിതിയിലാക്കുന്നതിന് റിപ്പോർട്ട് റവന്യൂ വകുപ്പിന് കൈമാറുമെന്ന് തണ്ണീർത്തട സംരക്ഷണ സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ വിജി ശശി പറഞ്ഞു. കൃഷി ഓഫീസർ നിഖിത, വില്ലേജ് ഓഫിസർ ധന്യ ഗിരീഷ്, കർഷകൻ പി.വി ഹരിദാസ് എന്നിവരാണ് കൃഷിയിടം സന്ദർശിച്ചത്.
അതേസമയം കൃഷിയിടം രൂപമാറ്റം വരുത്തിയത് ചാത്തംകുളങ്ങര പാടശേഖര സമിതിക്ക് പരാതിയില്ലെന്നും കൃഷിയിടം രൂപമാറ്റം വരുത്തിയത് പാടശേഖര സമിതിയുടെ ശ്രദ്ധയിൽപെട്ടില്ലെന്നും സമിതി ഭാരവാഹികൾ പറയുന്നു. മാസങ്ങൾക്ക് മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകി മേൽനടപടിക്കായി നൽകിയ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. നടപടിക്കായി വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്.
..........
കൃഷിയിടം തെങ്ങ് തൈകൾ വച്ച് രൂപമാറ്റം വരുത്തിയത് ശ്രദ്ധയിൽപെട്ടില്ല. അതിനാൽ പരാതി കൊടുത്തില്ല. ഇനി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കും
പ്രസിഡന്റ് പി. കെ കൃഷ്ണൻ, ചാത്തംകുളങ്ങര പാടശേഖര സമിതി
.........
കൃഷിയിടം തൈകൾ വച്ച് രൂപമാറ്റം വരുത്തിയതായി കണ്ടെത്തി. കൃഷിയിടം തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം പൂർവസ്ഥിതിയിലാക്കാൻ വേണ്ട നടപടി സ്വീകരിക്കും
ചെയർമാൻ വിജി ശശി
പഞ്ചായത്ത് പ്രസിഡന്റ്
തണ്ണീർത്തട സംരക്ഷണ സമിതി....