ചാലക്കുടി: ലോക്ക് ഡൗൺ സമയത്ത് കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും കൂടെ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് അധിക വേതനം നൽകണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.

സ്വന്തം ജീവനും കുടുംബവും മറന്ന് നാടിനായി ഇവർ പൊരുതുകയാണ്. ആദ്യ ലോക്ക് ഡൗൺ കാലത്ത് മറ്റ് സർക്കാർ ജീവനക്കാർ വീട്ടിൽ ഇരിക്കുമ്പോൾ അവധി എടുക്കാതെ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥതയും ത്യാഗവും നമ്മൾ മനസിലാക്കണം. ആരോഗ്യ പ്രവർത്തകരുടെ ഒരു മാസത്തെ വേതനം പിടിക്കുന്നത് നീതികരിക്കാാകില്ല.

ഒരു മാസത്തെ അധിക വേതനം അടിയന്തരമായി ഇവർക്ക് അനുവദിക്കുകയാണ് വേണ്ടത്. കൊവിഡിന്റെ കാലഘട്ടം കഴിഞ്ഞാലും നഴ്‌സുമാർക്ക് അർഹമായ അംഗീകാരവും വേതനവും നൽകാൻ സർക്കാരും മാനേജ്‌മെന്റും തയ്യാറാകണമെന്നും കെ.എ. ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.