krishi
മോതിരക്കണ്ണി സോഷ്യൽ സർവ്വീസ് സൊസൈറ്റി ആരംഭിച്ച പച്ചക്കറികൃഷി ഗ്രാമത്തിന്‌റെ ഉദ്ഘാടനം സംവിധായകൻ തോംസൺ കെ.തോമസ് നിർവ്വഹിക്കുന്നു

ചാലക്കുടി: ജില്ലയിലെ ആദ്യ സമ്പൂർണ്ണ ജൈവ പച്ചക്കറി ഗ്രാമത്തെ സൃഷ്ടിക്കാൻ പരിയാരത്തെ മോതിരക്കണ്ണിയിൽ പൊതുജനകർഷക കൂട്ടായ്മ ശ്രമം തുടങ്ങി. സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് തരിശുഭൂമിയും വീട്ടുപറമ്പുകളും നിറയെ പച്ചക്കറി വ്യാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്.

അരയേക്കർ പച്ചക്കറിക്കൃഷി ചെയ്യുന്നതിന് നാല് മാസത്തേക്ക് പതിനായിരം രൂപ പലിശരഹിത വായ്പ നൽകൽ, കൃഷിക്കായി നിലം ഒരുക്കുന്നതിന് 50 ശതമാനം നിരക്കിൽ ഹിറ്റാച്ചി സൗകര്യം, സൗജന്യമായി കാർഷിക സർവകലാശാലയുടെ 7 ഇനം വിത്തുകൾ 2000 ത്തോളം വീടുകളിൽ എത്തിക്കൽ തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ദൗത്യം.

വീട്ടാവശ്യത്തിന് കഴിച്ച് ബാക്കിയുള്ള ഉത്പന്നങ്ങൾ വില കൊടുത്ത് വാങ്ങി വിപണന കേന്ദ്രത്തിലൂടെ വിതരണം, രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്നും മികച്ച വ്യക്തികളെ കണ്ടെത്തി കാഷ് അവാർഡുകൾ നൽകൽ, പാട്ടം വങ്ങാതെ കൃഷി ഭൂമി കണ്ടെത്തി നൽകൽ എന്നിവയും സൊസൈറ്റിയുടെ സേവന പ്രവർത്തനങ്ങളിൽ ഉൾപ്പെടും.

മോതിരക്കണ്ണി സെന്ററിൽ നടന്ന ചടങ്ങിൽ വൃക്ഷത്തൈകൾ നട്ട് സംവിധായകൻ തോംസൺ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജനീഷ് പി.ജോസ്, പഞ്ചായത്ത് അംഗം ജിപ്‌സി ജൈറ്റസ്, സൊസൈറ്റി സെക്രട്ടറി കെ.എൽ. ജോസ്, പ്രവാസി വ്യവസായി ഷിബു വാലപ്പൻ തുടങ്ങിവയർ സംസാരിച്ചു.