ചാലക്കുടി: ദിവസങ്ങളും ആഴ്ചകളും കടന്ന് മേലൂർ പഞ്ചായത്തിലെ സമൂഹ അടുക്കള അശരണരുടെ വിശപ്പടക്കൽ ദൗത്യവുമായി മുന്നേറുന്നു. കല്ലുത്തി സെന്റ് ജോൺസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും 139 പേർക്കാണ് ഇപ്പോഴും അതാതിടങ്ങളിൽ ഭക്ഷണം എത്തിക്കുന്നത്. വീടുകളിലെത്തി വിളമ്പി നൽകുന്നതിനാൽ രാത്രിയിലെ ഭക്ഷണവും ഇതോടൊപ്പം കൊടുക്കാനാകും. വിശേഷ ദിവസങ്ങളിൽ ഇറച്ചിയും നൽകുന്നുണ്ട്.
പുലർച്ചെ മുതൽ പ്രവർത്തിച്ചു തുടങ്ങുന്ന അടുക്കളയുടെ ചുമതല സി.ഡി.എസ് ചെയർപേഴ്‌സൺ ഇന്ദിര മോഹനൻ ഭംഗിയായി നിർവഹിക്കുന്നു. ഷൈനി ബാബു, ചെല്ലമ്മ ബാബു, ശ്രുതി ജ്യോതിഷ് തുടങ്ങിയവരുടെ കൂട്ടുകെട്ടിൽ ഏതാനും മണിക്കൂറുകൾക്കകം ചൂടുചോറും കറികളും തയ്യാറാകും. പഞ്ചായത്തംഗം എം.എസ്. ബിജുവും ഇവിടെ നിതാന്ത ജാഗ്രതയിൽ പ്രവർത്തിക്കുന്നു. ആട്ടോകളിലായി ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ചുമതല സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ സുജ ജോയ്, ബീന മോഹനൻ, സൗമ്യ മോഹൻദാസ്, ജാൻസി പൗലോസ് കൂട്ടുകെട്ടും നിർവഹിക്കുന്നു. പഞ്ചായത്തംഗം സി.കെ.വിജയനും അടുക്കളയിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവിന്റെ സഹായ ഹസ്തങ്ങളുമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിന്റെ ചുമതല അസി.സെക്രട്ടറി അനൂപിനാണ്.