തൃശൂർ: കേരളം സന്ദര്‍ശിച്ച സഞ്ചാരി ഇബ്‌നു ബത്തൂത്ത കള്ളിനെക്കുറിച്ച് എഴുതിയതു മുതൽ സമീപകാല മദ്യപാന അനുഭവങ്ങളെ കുറിച്ചുള്ള പുസ്തകം വായനക്കാർക്ക് ലഹരി പകരുന്നു. കള്ളിന്റെ ആദികാലത്തെക്കുറിച്ചുളള അന്വേഷണം, കള്ള് നിവേദ്യമാകുന്ന കരിങ്കുട്ടി, പറശ്ശിനിക്കടവ് മുത്തപ്പൻ...അങ്ങനെ അനുഭവങ്ങളും കഥകളും ചേർന്ന പുസ്തകമായ ബാര്‍/ബേറിയന്‍സ് മദ്യവും മലയാളികളും ആണ് മദ്യം വീട്ടിലെത്തിക്കൽ പരിഗണിക്കാമെന്ന സുപ്രീംകോടതിയുടെ പരാമർശം പുറത്തുവരുമ്പോൾ ചർച്ചാവിഷയമാകുന്നത്. കള്ള് മലയാളിയുടെ ജീവിതോപാധിയും വികസനത്തിൻ്റെ വഴിയുമായിരുന്ന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നാട്ടിന്‍പുറ കഥകളും രചയിതാവായ മണിലാൽ പുസ്തകത്തിൽ കുറിച്ചിടുന്നു. മദ്യപരും മദ്യപിക്കാത്തവരും മറ്റ് ലഹരികളിൽ ചേക്കേറുന്നവരും ഇതിൽ കടന്നുവരുന്നുണ്ട്. പ്രശസ്ത മദ്യവിരുദ്ധ സമരങ്ങളും കൊല്‍ക്കത്തയിലും സിലോണിലും കുവൈറ്റിലും യു.കെയിലും ഗുജറാത്തിലുമുള്ള മലയാളികളുടെ ജീവിതങ്ങളുമുണ്ട്. സ്ത്രീകള്‍ മദ്യപിക്കുന്നതും പ്രകൃതിലേക്ക് മടങ്ങി സ്വന്തം ശരീരത്തിന്റെ സംഗീതം ആസ്വദിച്ച് ലഹരി പിടിക്കാന്‍ പഠിപ്പിക്കുന്ന തിരൂരിലെ ഗാന്ധിയന്‍ പ്രകൃതി ജീവനകേന്ദ്രത്തിലെ അനുഭവങ്ങളും എഴുത്തുകാരന്‍ കുറിച്ചിടുന്നു. 200 ലേറെ പേജുകളിലായി 75 അദ്ധ്യായങ്ങൾ, കഥ പോലെ ആസ്വദിക്കാം. ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും പ്രിന്റ് ഇലക്‌ട്രോണിക്സ് മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുമുള്ള ആളുമാണ് മണിലാൽ. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

കള്ളിൻ്റെ സ്വഭാവം ( പുസ്തകത്തിൽ നിന്ന്)

രാവിലെ എഴ് മണിയുടെ കള്ളല്ല എട്ടിന്. അതല്ല ഒമ്പതുമണിക്ക്. രാവും പകലും ഓരോ നിമിഷവും നിറം മാറുന്ന അവസരവാദിയാണ്. കള്ള് വെള്ളത്തോട് ചേർന്നോ എന്ന് അറിയാൻ വിരൽ മുക്കിയാൽ മതി. ജീവനുള്ള തെങ്ങിലെ ജീവനുള്ള പാനീയമാണത്. തുള്ളി നാവിൽ ഇറ്റിച്ച് കുറച്ചു നേരം അങ്ങനെ തന്നെ വയ്ക്കുക - തുപ്പിക്കളയുക. ഉമിനീർ വന്നാൽ വെള്ളമോ മറ്റോ ചേർന്നെന്ന് മനസിലാക്കാം . ചെത്തിയിറക്കിയ കള്ള് അനക്കാതെ പാത്രത്തിൽ വെച്ചാൽ മൂന്നു മാസം കേടാകാതെ ഇരിക്കും. ചെള്ള്, ഉറുമ്പ്, പുഴു എന്നിവയെ മാറ്റണം. ......

മണിലാൽ

ജന്മാന്തരങ്ങൾ, ഇൻജസ്റ്റിസ് ഇൻ കാമറ (സൂര്യനെല്ലി സംഭവം), പച്ചക്കുതിര, പുഴയുടെ അവകാശികൾ, മഴയോടൊപ്പം മായുന്നത്, പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം, അടുത്ത ബെല്ലോടു കൂടി ജീവിതം ആരംഭിക്കും തുടങ്ങിയ ഡോക്യൂമെൻ്ററികൾ സംവിധാനം ചെയ്തു .