tree
വാൽപ്പാറയിലെ ഷേക്കല മുടിയിൽ കണ്ടെത്തിയ അപൂർവ്വ വൃക്ഷത്തൈ

ചാലക്കുടി: പശ്ചിമഘട്ട മലനിരകളിൽ നിന്നും പുതിയ അപൂർവ ഇനം വൃക്ഷത്തെ കൂടി കണ്ടെത്തി. വാഴച്ചാൽ വന മേഖലയുടെയും പറമ്പിക്കുളം ടൈഗർ റിസർവിന്റെയും ഭാഗമായ ഷെയ്ക്കൽ മുടിയിൽ നിന്നും കണ്ടെടുത്ത ലോറേസേ (കറുക) കുടുംബത്തിൽപ്പെട്ട ഈ മരത്തിന് ക്രിപ്‌റ്റോക്യാരിയ ഷേക്കാലമുടിയാന' എന്നാണ് പേരിട്ടത്.
ക്രിപ്‌റ്റോ ക്യാരിയ ജനുസിൽ പെടുന്ന പശ്ചിമഘട്ടത്തിലെ അഞ്ചാമത്തെ ഇനമാണ് കേവലം ഇരുപതിൽ താഴെ മാത്രം എണ്ണത്തിലുള്ള മഴക്കാടുകളിൽ കാണപ്പെടുന്ന ഈ വൃക്ഷം. എം.ഇ.എസ്. അസ്മാബി കോളേജ് സസ്യശാസ്ത്ര ഗവേഷണവിഭാഗം ഗവേഷകരായ കാടഞ്ചേരി ഗവ. എച്ച്.എസ്.എസ് ബോട്ടണി അദ്ധ്യാപികയായ ഫാസില പി.കെ, അസ്മാബി കോളേജിലെ അദ്ധ്യാപകരായ ഡോ. അമിതാ ബച്ചൻ, ഡോ. ടി.പി ഗിരിജ കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്ര അദ്ധ്യാപകൻ ഡോ. കെ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഇത് കണ്ടെത്തിയതും ശാസ്ത്രീയമായ റിപ്പോർട്ട് തയ്യാറാക്കിയതും. അന്തർദ്ദേശിയ ജൈവവൈവിദ്ധ്യ പ്രസിദ്ധീകരണമായ തായ്‌വാനിയയിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത് . മഴക്കാടുകളിലെ അപൂർവ ശ്രേണികളിൽ പെടുന്ന ലോറസിയേ കുടുംബത്തിൽപെട്ട ഒരു വൃക്ഷം കണ്ടെത്തുക എന്നത് വളരെ അപൂർവമാണ്.

സവിശേഷതകൾ ഇവ

ഏകദേശം 2,535 മീറ്റർ വരെ ഉയരം

കായ്, ഇല, ഉയരം എന്നിവ കൊണ്ട് മറ്റു സമാന വൃക്ഷങ്ങളിൽ നിന്ന് വ്യത്യസ്തം
2010 മുതൽ തുടർച്ചയായ നിരീക്ഷണത്തിലൂടെ വിലയിരുത്തൽ

സെപ്തംബർ, ഡിസംബർ മാസങ്ങളിൽ പൂക്കും

വൃക്ഷത്തിന്റെ കായ ഏകദേശം 2.5 സെന്റി മീറ്റർ വലുപ്പവും നീളവും

പൂക്കുമ്പോൾ കറുപ്പു നിറമുണ്ടാകുന്ന ഫലം

മലമുഴക്കി വേഴാമ്പലിനും, സിംഹവാലൻ കുരങ്ങിനും ഭക്ഷണം