ചേലക്കര:കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻകൃഷിനാശം. തിരുവില്വാമല പഞ്ചായത്തിലെ കുത്താമ്പുള്ളി കയറാൻപാറ പ്രദേശത്താണ് ഏക്കർ കണക്കിന് വാഴ കൃഷി നശിച്ചത്. പട്ടാമ്പി വിളയൂർ പൂവത്തിങ്കൽ വീട്ടിൽ പി. സൂര്യ നാരായണൻ, ഉണ്ണിക്കൃഷ്ണൻ എന്ന സഹോദരൻമാരുടെ എട്ടര ഏക്കർ സ്ഥലത്തുള്ള വാഴയാണ് കാറ്റിലും മഴയിലും ഒടിഞ്ഞുവീണത്.
ഓണത്തിന് വിളവെടുക്കാൻ പാകത്തിന് നിറുത്തിയിരുന്ന വാഴക്കൃഷിയാണ് നശിച്ചത്. ഏകദേശം 28 ലക്ഷം രൂപ ലോൺ എടുത്തും സ്വർണാഭരണങ്ങൾ പണയം വച്ചും ഒരു ലക്ഷം രൂപ പാട്ടം കൊടുത്തുമാണ് സഹോദരങ്ങൾ കൃഷിയിറക്കിയത്. കൊവിഡ് 19 ലോക്ക് ഡൗൺ വന്നതിനെ തുടർന്ന് വാഴയ്ക്ക് ഊന്നു നൽകി സംരക്ഷിക്കാൻ കഴിയാതെ വന്നതാണ് കൃഷിനാശത്തിന് ഇടയാക്കിയത്.
തൃശൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷൈനി ജേക്കബ്, അസിസ്റ്റന്റ് ഓഫീസർ ഷീബ ജോർജും, തിരുവില്വാമല കൃഷി ഓഫീസർ കെ.എസ്. ശരണ്യ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ എസ്. നായർ, ബ്ലോക്ക് മെമ്പർ കെ.ആർ. സത്യൻ, ബ്ലോക്ക് ബി.ഡി.ഒ ഗണേഷ് എന്നിവർ സ്ഥലം സന്ദർശിച്ച് കൃഷിനാശം വിലയിരുത്തി.
കർഷകനു പറ്റിയ നഷ്ട പരിഹാരത്തിന് വേണ്ടി അധികൃതരെ വിവരം അറിയിക്കുമെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അറിയിച്ചു.
ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം വന്നിട്ടുണ്ട്. പ്രയത്നമെല്ലാം ഒരു നിമിഷം കൊണ്ട് എല്ലാം നശിച്ചു പോയി. കഴിഞ്ഞ പ്രളയത്തിലും വാഴ കൃഷി നശിച്ചിരുന്നു. അതിനൊന്നും ഒരു ധനഹായവും ലഭിച്ചിട്ടില്ല.
- പി. സൂര്യനാരായൺ, കർഷകൻ