കൊടുങ്ങല്ലൂർ: തീരമേഖലയ്ക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്ന് പീസ് വാലി -ആസ്റ്റർ വോളന്റിയേഴ്സ് സഞ്ചരിക്കുന്ന ആശുപത്രി നടത്തിയ സ്ക്രീനിംഗ് ക്യാമ്പ് ശ്രദ്ധേയമായി. ബെന്നി ബെഹനാൻ എം.പി സ്‌ക്രീനിംഗിനു വിധേയനായി പരിശോധനക്ക്‌ തുടക്കം കുറിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ, തണൽ പാലിയേറ്റീവ് കെയർ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പരിശോധനയ്ക്ക്‌ വിധേയരായി. രണ്ടു ഡോക്ടർമാർ, നഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിച്ചത്. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന് നൽകും. പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികളായ കെ.എ. സദറുദീൻ, റഷീദ് മാസ്റ്റർ, വീരാൻകുട്ടി, സാബു കാതിയാളം, ലത്തീഫ് കാസിം എന്നിവർ നേതൃത്വം നൽകി.