തൃശൂർ: വീട്ടിലെ ബാത്ത് റൂമിൽ നാടൻ ചാരായം വാറ്റിയ യുവാവിനെ തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കുന്നംകുളം അടുപ്പൂട്ടി സ്വദേശി കൂത്തൂർ വീട്ടിൽ മാത്തു മകൻ ഗ്രിഗറിയാണ് (37) എക്‌സൈസിന്റെ പിടിയിലായത്. പിടികൂടുന്ന സമയത്ത് ചാരായം വാറ്റുകയായിരുന്നു. പ്രതിയിൽ നിന്ന് പത്ത് ലിറ്റർ നാടൻ വാറ്റ് ചാരായവും 160 ലിറ്റർ വാഷും പിടികൂടി. വീടിന്റെ അടുക്കളയിൽ രണ്ട് ബാരലുകളിലായാണ് ചാരായം വാറ്റുന്നതിന് പാകമായ വാഷ് സൂക്ഷിച്ചിരുന്നത്. ലിറ്ററിന് 2000 രൂപ നിരക്കിലാണ് ഇയാൾ ചാരായ വില്പന നടത്തിയിരുന്നത്. ഇലക്ട്രിക്കൽ ജോലികൾ ചെയ്ത് കൊണ്ടിരുന്ന പ്രതി അതിന്റെ മറവിലാണ് ചാരായ വില്പന നടത്തിയിരുന്നത്. തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി. എ. സലീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ പി. ജിജു ജോസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രീവന്റിവ് ഓഫീസർ ജീൻ സൈമൺ, ടി. എസ്. സുരേഷ് കുമാർ, സി. എ. സുരേഷ്, ഗ്രേഡ് പ്രീവന്റിവ് ഓഫീസർമാരായ കെ. വി രാജേഷ്, എം. എസ് ഷിബു, ഡിക്‌സൺ, സിവിൽ എക്‌സൈസ് ഓഫീസർ ആയ അനീഷ് ടി. സി, എക്‌സൈസ് ഡ്രൈവർ അബ്ദുൾ റഫീഖ് എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.