agri

തൃശൂർ: മണ്ണിൽ പണിയെടുത്ത് തഴമ്പുള്ള കൈയിൽ രക്തപതാക പിടിച്ച് ജനഹൃദയത്തിലേറി മന്ത്രിയും സ്പീക്കറുമായ രാധാകൃഷ്ണനും ആ ആറ് പേരും ലോക്ക് ഡൗണിൽ ഒരു തീരുമാനമെടുത്തു. പതിനഞ്ച് വർഷം തരിശായിക്കിടന്ന തോന്നൂർക്കര നരിമട പറമ്പിലെ എഴുപത് സെന്റ് ഭൂമി ഉഴുതുമറിച്ച് കപ്പയും മഞ്ഞളും ചേനയും ഇഞ്ചിയും പടവലവും നടണം. നാടിനെ സ്വയം പര്യാപ്തമാക്കണം.

ആ 'കേന്ദ്രകമ്മിറ്റി' തീരുമാനം നടപ്പാക്കി, ഒരു മാസത്തിനുള്ളിൽ. സി.പി.എം കേന്ദ്രകമ്മിറ്റിയിൽ കെ. രാധാകൃഷ്ണൻ രണ്ടു വർഷം തികച്ച ഏപ്രിലിലായിരുന്നു മണ്ണൊരുക്കൽ. കെ.പി.എ.സി നാടക ഗാന വരി പോലേ,​ 'പൊള്ളും വെയിലത്ത് വേല ചെയ്ത് പൊന്നായി മാറ്റി"...

കൂട്ടായ്മയുടെ 'ജനറൽ സെക്രട്ടറി'യായ അദ്ദേഹം മണ്ണിലിറങ്ങുമ്പോൾ അംഗങ്ങൾക്ക് ആവേശം കൂടും. തിരുവനന്തപുരത്ത് യോഗങ്ങൾക്കായി അദ്ദേഹം പോകുമ്പോൾ, 'അവയ്‌ലബിൾ സെക്രട്ടേറിയറ്റ്' ചേരും. വിളവ് കൂട്ടാനുളള തന്ത്രം മെനയും. തോന്നൂർക്കരയിലെ മോഹനന്റേതാണ് ഭൂമി. ആഴത്തിലുണ്ടായിരുന്നു മരങ്ങളുടെ വേരുകൾ. 25 മണിക്കൂർ ജെ.സി.ബി പ്രവർത്തിപ്പിച്ച് മണ്ണൊരുക്കി. അതിനാൽ സൊസൈറ്റിയിൽ നിന്ന് 25,000 രൂപ കടമെടുക്കേണ്ടി വന്നു. വിത്ത് ഏറിയ പങ്കും കൃഷിഭവനിൽ നിന്ന് കിട്ടി. ബാക്കി പണം കൊടുത്ത് വാങ്ങി. ഇനി കാത്തിരിപ്പാണ്, എല്ലാം വിളഞ്ഞ് പാകമാകുന്നത് കാണാൻ...

ഇടുക്കി പുള്ളിക്കാനത്തെ കുന്നും കാടും തോട്ടങ്ങളുമെല്ലാമാണ് രാധാകൃഷ്ണന്റെ മാതാപിതാക്കളായ കൊച്ചുണ്ണിക്കും ചിന്നയ്ക്കും ഉപ്പും ചോറുമായത്. പട്ടിണി കിടന്നും ചോര നീരാക്കിയും മണ്ണിൽ പണിയെടുത്തവർ. എട്ടുമക്കളിൽ രണ്ടാമനായ രാധാകൃഷ്ണന്റെ ബാല്യവും കൗമാരവും യൗവനവും കടന്നു പോയതും കല്ല് ചുമന്നും പാടത്ത് കന്നുപൂട്ടിയും ചേലക്കരയുടെ മണ്ണിൽ പണിയെടുത്തുമാണ്. പട്ടികജാതി, വർഗ മന്ത്രിയായിരുന്നപ്പോഴും ചെറിയ കൂരയിലായിരുന്നു താമസം. പിന്നീടാണ് ചെറിയൊരു വീട് പണിതത്.