തൃശൂർ: അമ്പത് ദിവസത്തിലേറെയായി നിരത്തിലിറങ്ങാതെ കിടക്കുന്ന സ്വകാര്യ ബസുകൾ തുരുമ്പെടുക്കുന്നു. ലോക്ക് ഡൗൺ ഇളവ് ലഭിച്ചാലും ഉടൻ നിരത്തിലിറക്കാൻ സാധിക്കില്ലെന്ന് ബസുടമകൾ. മാർച്ച് 22ലെ ജനതാ കർഫ്യൂവും തുടർന്നുണ്ടായ ലോക്ക് ഡൗണിനെയും തുടർന്ന് സ്വകാര്യ ബസുകൾക്ക് നിരത്തിലിറങ്ങാൻ സാധിച്ചിട്ടില്ല.

ബാറ്ററി, റേഡിയേറ്റർ, ടയർ, ജോയിന്റുകൾ, എഞ്ചിൻ എന്നിവ നശിക്കുമെന്നാണ് ആശങ്ക. പല ബസുകളും സർവീസ് നിറുത്തിയതിന് ശേഷം സ്റ്റാർട്ടാക്കാൻ പോലും സാധിച്ചിട്ടില്ല. അതിനാൽ ഇളവ് ലഭിച്ചാലും വലിയൊരു തുക ചെലഴിച്ചതിന് ശേഷമേ നിരത്തിലിറക്കാനാകൂ. ഇതിന് തന്നെ മൂന്നോ നാലോ ദിവസമെടുക്കും. കൂടാതെ ജില്ലയിലെ ആയിരക്കണക്കിന് ബസുകൾ ഒരുമിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള വർക്ക്‌ഷോപ്പുകളുടെ അഭാവവും തിരിച്ചടിയാകും.


യാത്രക്കാർ അമ്പത് ശതമാനം മാത്രം

സമൂഹിക അകലം പാലിച്ച് സർവീസ് നടത്തണമെന്ന കർശന നിയന്ത്രണം വരുന്നതോടെ അമ്പത് ശതമാനം യാത്രക്കാരെ കയറ്റി മാത്രമേ സർവ്വീസ് നടത്താൻ സാധിക്കൂ. ഈവിധം സർവീസ് നടത്തുമ്പോൾ ഇതിൽ പകുതിയിലേറെ തുക ഡീസലിന് മാത്രം ചെലവഴിക്കേണ്ടി വരും. മറ്റ് അനുബന്ധ ചെലവുകളും തൊഴിലാളികളുടെ ശമ്പളവും ചേർത്താൽ കളക്‌ഷനേക്കാൾ കൂടുതൽ ചെലവ് വരുമെന്നാണ് ഉടമകളുടെ പക്ഷം.

വർഷാരംഭം മുതൽ ആളില്ല
സംസ്ഥാനത്ത് താലനില ഉയർന്നത് മുതൽ ബസുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞു. ചൂടിൽ നിന്ന് രക്ഷനേടാൻ രാവിലെ 11 മുതൽ ഉച്ചയ്ക്കുശേഷം മൂന്നു മണിവരെ യാത്ര ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം പാലിച്ചതോടെ ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. കൂടാതെ കൊവിഡ് വാർത്തകൾ പുറത്തു വന്നതോടെ ഭൂരിഭാഗം പേരും ബസ് യാത്ര ഒഴിവാക്കി. ഇതോടെ ബസ് സർവീസ് മേഖല കടുത്ത പ്രതിസന്ധിയിലായെന്ന് പ്രൈവറ്റ് ബസ് ഓപ്പറേഷൻ അസോസിയേഷൻ ഭാരാവാഹികൾ പറയുന്നു. ഈ കാലയളവിൽ പലരും സർവീസ് ഭാഗികമായി നിർത്തിവച്ചിരുന്നു.

ധനസഹായ പാക്കേജ് അനിവാര്യം
യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി സമൂഹിക അകലം പാലിച്ച് സർവീസ് നടത്താൻ തങ്ങൾ തയ്യാറാണ്. എന്നാൽ അതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ധനസഹായ പാക്കേജ് ഉണ്ടെങ്കിൽ മാത്രമെേ സാധിക്കു. നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്താൻ ഡീസൽ അടിക്കാൻ പോലും സാധിക്കാത്ത നൂറുക്കണക്കിന് ഉടമകൾ ഉണ്ട്.

- ആന്റോ ഫ്രാൻസിസ്, പ്രൈവറ്റ് ബസ് ഓപറേഷൻ അസോസിയേഷൻ ജനറൽ സെക്രട്ടറി

ജില്ലയിൽ ആകെ സ്വകാര്യ ബസുകൾ -1500
ഉടമകൾ - 1100
തൊഴിലാളികൾ- 5000