തൃശൂർ: കൊവിഡ് കെയർ സെന്ററുകളിലെ വിവിധ കേന്ദ്രങ്ങളിൽ സന്നദ്ധ സേവകരായി പ്രവർത്തിക്കുന്നതിന് 100 സ്‌കൂൾ അദ്ധ്യാപകരെ നിയോഗിക്കുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. അവർക്ക് ആവശ്യമായ പരിശീലനം കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തി.

മൂന്ന് ഷിഫ്ടുകളിലായാണ് പ്രവർത്തനം. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം സന്നദ്ധ സേവനമായാണ് ഡ്യൂട്ടി ചെയ്യേണ്ടതെന്നും കളക്ടർ അറിയിച്ചു. അതത് പഞ്ചായത്തുകളിൽ തന്നെ ഡ്യൂട്ടി ലഭിക്കുന്ന വിധം പ്രവർത്തനം ക്രമീകരിക്കാൻ ശ്രമിക്കും. അതത് കൊവിഡ് കെയർ സെന്ററുകളിലെ മേൽനോട്ട ചുമതലയാണ് നൽകുന്നത്.

ജില്ലാ ഭരണകൂടവുമായി ചേർന്ന് കൊവിഡ് കെയർ സെന്ററുകളെ എങ്ങനെ ഏകോപിപ്പിക്കണം എന്നെല്ലാം നോഡൽ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ കെ. മധു സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കേണ്ട കാര്യങ്ങൾ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ടി. പ്രസാദും ആരോഗ്യ കാര്യങ്ങളിൽ സ്വീകരിക്കേണ്ട രീതികളെ കുറിച്ച് ഡോ. സതീഷും സംസാരിച്ചു.