തൃശൂർ: ആശുപത്രികളിലെ അകത്തളങ്ങളിൽ മാത്രമല്ല, സമൂഹ മദ്ധ്യത്തിലും കാവലാളുകളായി ഈ മാലാഖമാരുണ്ട്. എത് തരത്തിലുള്ള പകർച്ചവ്യാധി വന്നാലും അതിന് പ്രതിരോധ പ്രവർത്തനവുമായി ആദ്യം ഓടിയെത്തുക ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണ്. ഡെങ്കിപ്പനി, ഏലിപ്പനി, എച്ച് വൺ എൻ വൺ, വൈറൽപനി, മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവ പൊട്ടിപ്പുറപ്പെടുമ്പോഴെല്ലാം അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളെ ബോധവാൻമാരാക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലും പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന ഇക്കൂട്ടരാണ്.

അവാസനം കൊവിഡ് പടരുമ്പോഴും സ്വന്തം ജീവൻ പണയം വച്ച് ഈ മാലാഖമാർ സേവനരംഗത്ത് കർമ്മനിരതരാണ്. തങ്ങളുടെ പരിധിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്ന് വരുന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയും അവർ കൃത്യമായി അത് പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയും ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്. ജില്ലയിൽ സമൂഹവ്യാപാനം തടയുന്നതിൽ ഇവരുടെ പങ്ക് ഏറെ വലുതാണ്. മറ്റിടങ്ങളിൽ നിന്ന് ആരോഗ്യവകുപ്പിനെ അറിയിക്കാതെ എത്തുകയും നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടക്കുകയും ചെയ്യുമ്പോൾ കൈയോടെ പൊക്കും.

പൊലീസിനൊപ്പം ചെക്ക്‌പോസ്റ്റുകളിലും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്ക് ജോലിയുണ്ട്. കൊവിഡ് പിടിച്ചുനിറുത്തി കഴിഞ്ഞാലും ഇവർക്ക് ആശ്വാസം ലഭിക്കില്ല. എതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുന്ന കാലവർഷവും തുടർന്നുണ്ടാകുന്ന പകർച്ചപ്പനി ഉൾപ്പെടെയുള്ളവ തടയുന്നതിനും ഇവരുണ്ടാകും. ജില്ലയിൽ അഞ്ഞുറോളം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണുള്ളത്. ഒപ്പം ഇവർക്ക് തണലായി ആശാ വർക്കർമാരും.