vaithdhuthdi-velicham
വൈദ്യുതി കണക്ഷൻ ലഭിച്ച വീട്ടുകാരോടൊപ്പം വാർഡ് മെമ്പർ ശ്രീധരൻ കളരിക്കൽ

കോടാലി: കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ വൈദ്യുതികണക്ഷൻ ലഭിച്ച സന്തോഷത്തിലാണ് പട്ടികജാതി വിഭാഗത്തിൽപെട്ട വയോധികയും കുടുംബവും. മറ്റത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് കൊരേച്ചാലിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ ജീവിച്ചിരുന്ന പരേതനായ പുളിയേലി മാക്കോതയുടെ ഭാര്യ അയ്യക്കുട്ടിയുടെ (92) കുടുംബത്തിനാണ് കേരളകൗമുദി വാർത്ത തുണയായത്. വീടും പറമ്പും മരിച്ചുപോയ ഇവരുടെ മകന്റെ പേരിലായതിനാലാണ് വൈദ്യുത കണക്ഷൻ ലഭിക്കാൻ നിയമ തടസം ഉണ്ടായിരുന്നത്. സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇവർക്ക് വൈദ്യുതി കണക്ഷൻ നൽകിയത്. വീട്ടിലേക്കാവശ്യമായ വയറിംഗ് സാമാഗ്രികളും വൈദ്യുതി ഉപകരണങ്ങളും വാങ്ങിയതിന്റെ ചെലവ് വഹിച്ചത് വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബി ജീവനക്കാരാണ്. കെ.എസ്.ഇ.ബി ജീവനക്കാരായ പി.പി. പ്രതീപ്, ജമാൽ എന്നിവർ കണക്ഷൻ നൽകാൻ എത്തിയിരുന്നു. പ്രത്യേക പരിഗണന നൽകി നിർധന കുടുംബത്തിന് വൈദ്യുതി കണക്ഷൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കുടുംബത്തിന്റെ ദുരിതാവസ്ഥ മാദ്ധ്യമശ്രദ്ധയിൽ പെടുത്തിയ വാർഡ് മെമ്പർ ശ്രീധരൻ കളരിക്കൽ പറഞ്ഞു.