തൃശൂർ: ആകെയൊരു വില്ലൻ ലുക്ക്. തല മൊട്ടയടിച്ച്, മീശ മേലോട്ട് പിരിച്ചുവച്ച്, താടി മോഡേണായി വെട്ടിയൊതുക്കി ടീ ഷർട്ടിൽ മസിൽ പെരുപ്പിച്ച് ഫേസ്ബുക്കിൽ ഭാവഗായകൻ പ്രത്യക്ഷപ്പെട്ടു. താടി നരച്ചെങ്കിലെന്താ 76 ാം വയസിലും ഉഗ്രൻ ലുക്ക്. ഉടൻ ലോക്ക് ഡൗണിലെ കിടിലൻ ഹീറോയുമായി.
ഗായകൻ പി. ജയചന്ദ്രൻ മേക്ക് ഓവർ ഫോട്ടോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായത്. ഒരു ഹോളിവുഡ് കഥാപാത്രം പോലെ എന്നാണ് ആരാധകരുടെ പക്ഷം.
ശബ്ദം പോലെ ഈ പ്രായത്തിലും ശരീരത്തിനും ചെറുപ്പമെന്ന് സന്തോഷിക്കുന്നവരും ഉണ്ട്.
'ആരും തെറ്റിദ്ധരിക്കരുത്... മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല... നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്... ഈ പ്രായത്തിലും എന്നാ ഒരു ലുക്ക് ആണന്നേ...' എന്നും പറയുന്നവരുണ്ട്. ഭാവ ഗായകൻ എന്ന പേരിനൊപ്പം ഫയൽവാൻ എന്നു കൂടി ചേർക്കാമെന്നും ആശാൻ പഴയ കളരിയാണെന്ന് തോന്നുന്നുവെന്നും പറഞ്ഞു ചിലർ. മുമ്പും വസ്ത്രധാരണത്തിലും ശരീരഭാഷയിലും വ്യത്യസ്തനായി ജയചന്ദ്രൻ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബുൾഗാനിൻ താടി വച്ചും മീശ കളഞ്ഞും മുടി ഒതുക്കിയും പരമ്പരാഗത വേഷമണിഞ്ഞുമെല്ലാം പാട്ടുകൾ പോലെ വ്യത്യസ്തമായി നടന്നു. പെരുമാറ്റത്തിലും ആ വ്യത്യസ്ത അനുഭവിച്ചറിഞ്ഞിട്ടുണ്ട് പലരും.
ചിട്ടകളില്ലാതെ...
സ്വരമാധുര്യം നഷ്ടമാകാതിരിക്കാൻ കഠിനമായ പഥ്യങ്ങൾ അനുഷ്ഠിക്കുന്നവരാണ് ഗായകരെങ്കിൽ, ജയചന്ദ്രൻ അങ്ങനെയല്ല. ശബ്ദം കാത്തുസൂക്ഷിക്കാൻ മുൻകരുതലുകളൊന്നുമില്ല. എരിവും പുളിയും മധുരവുമെല്ലാം കഴിക്കും. ചൂടേറിയ ചായയും കാപ്പിയും ഉപേക്ഷിക്കില്ല. സാധകവും പതിവില്ല. സസ്യഭുക്ക് ആണെന്നതും അധികം തണുത്ത ഭക്ഷണം കഴിക്കാറില്ലെന്നതും മാത്രമാണ് എടുത്തുപറയാവുന്നത്.
സന്തോഷത്തോടെ വേലായുധൻ
രണ്ട് പതിറ്റാണ്ടായി ജയചന്ദ്രന്റെ പാട്ടുകൾ തെരുവിൽ പാടി ജീവിക്കുന്ന വേലായുധൻ തണ്ടിലത്തിനും ആ ഫോട്ടോ കണ്ട് സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. അദ്ദേഹത്തെ കാണാൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട് വേലായുധൻ. ഏതാനും വർഷം മുൻപ് ഫോണിൽ വിളിച്ച് ആഗ്രഹം അറിയിച്ചപ്പോൾ ദൈവത്തെ കാണുമ്പോലെ ചെന്നുകണ്ടു. ജയചന്ദ്രനൊപ്പം പാട്ടുപാടി. തോളത്ത് തട്ടി അദ്ദേഹം അഭിനന്ദിച്ചു. ജയചന്ദ്രന്റെ പഴയ പാട്ടുകളോടാണ് വേലായുധന് പ്രിയം.