എരുമപ്പെട്ടി: കൊവിഡ് മഹാമാരിയിൽ അബുദാബിയിൽ പ്രതിസന്ധിയിലായ നോമ്പ്കാർക്ക് ഇഫ്താർ വിഭവങ്ങൾ ഒരുക്കി കരുതലിന്റേയും സാഹോദര്യത്തിന്റേയും മാതൃക തീർക്കുകയാണ് തൃശൂർ അടാട്ട് സ്വദേശികളായ വിപിൻ അഞ്ജലി ദമ്പതികൾ. അബുദാബി മദീനാ സായിദ് ഷോപ്പിംഗ് മാൾ അടച്ചപ്പോൾ ജോലി ഇല്ലാതെ രണ്ട് മാസത്തോളമായി റൂമിൽ കഴിയുന്ന സഹോദരന്മാർക്കാണ് നോമ്പ് തുറക്കാൻ ഈ കുടുംബം വിഭവങ്ങൾ ഒരുക്കി നൽകുന്നത്.
ബംഗളൂരുവിൽ ഐടി കമ്പനിയിൽ എൻജിനിയർ തസ്തികയിൽ ജോലി ചെയ്തിരുന്ന ഇരുവരും അബുദാബിയിൽ എത്തിയിട്ട് ഒരു വർഷമാകുന്നതേയുള്ളു. മകൾ ഏഴ് വയസുകാരി സാൻസ്‌കൃതി അഞ്ജലിയുടെ മാതാവ് ജലജയും കൂടെയുണ്ട്. സസ്യാഹാരം കഴിക്കുന്ന കുടുംബമായതിനാൽ രണ്ട് തരം ബജ്ജികളും, ചപ്പാത്തിയും, കറിയും, റൈത്തയും പായസവും ഒക്കെയായി നല്ല കിടിലൻ ഇഫ്താർ കിറ്റ് തന്നെയാണ് ഇവർ നോമ്പ്കാർക്ക് തയ്യാറാക്കുന്നത്.
അഞ്ജലിയും, ജലജയും പാചകം ചെയ്യുമ്പോൾ പാക്കിംഗ് നടത്തുന്നതുൾപ്പടെയുള്ള സഹായങ്ങളുമായി വിപിനും സാൻസ്‌കൃതിയും കൂടെയുണ്ട്. നോമ്പുതുറ വിഭവങ്ങൾ ആവശ്യക്കാരിൽ എത്തിക്കുന്ന ഇശൽ ബാൻഡ് അബുദാബിയുടെ പ്രവർത്തനമാണ് ഈ പുണ്യ കർമ്മത്തിന് ഇവർക്ക് പ്രേരണയായത്. മികച്ച പാട്ട്കാരിയും നർത്തകിയുമായ അഞ്ജലി അബുദാബി ഇശൽ ബാൻഡിലെ അംഗമാണ്. സാൻസ്‌കൃതിയും കുട്ടി കലാകാരിയാണ്. നാട്ടിലും പ്രവാസ ലോകത്തും നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാണ് ഈ കുടുംബം. കരുണയും സ്‌നേഹവും ചാലിച്ച രുചികൂട്ടുകളാൽ തയ്യാറാക്കിയ വിഭവങ്ങൾ നൽകുമ്പോൾ അവരുടെ പ്രാർത്ഥനയിൽ തങ്ങളേയും ഉൾപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് ഈ കുടുംബം.