മാള: അച്ഛന് പണിയും ഇല്ല മോൾക്ക് ക്ലാസും. അതിനാൽ ഇരുവരും ലോക്ക് ഡൗണിന് അവധി കൊടുത്ത് മനോഹരമായ ഒരു വീടുണ്ടാക്കി. കല്ലും മണ്ണും സിമന്റും ഉപയോഗിച്ചല്ല വെള്ള പേപ്പർ ചുരുട്ടി. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാകില്ല കടലാസാണെന്ന്. അറിയപ്പെടുന്ന ചിത്രകാരനായ കുഴൂർ തട്ടാൻപറമ്പിൽ രാജേന്ദ്രനും മകൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മിയും ചേർന്നാണ് വീടൊരുക്കിയത്. ലക്ഷ്മിയാണ് വീടിന് തുടക്കമിട്ടത്. ആദ്യം ന്യൂസ് പേപ്പർ ഉപയോഗിച്ച് ഇരുനില വീട് ഒരുക്കിയത് ലക്ഷ്മിയാണ്. ഇതുകണ്ട് ആകൃഷ്ടനായ രാജേന്ദ്രൻ കൂടുതൽ മനോഹരമാക്കി ആ വീട്. ചുറ്റുമതിലും ഗേറ്റും മുറ്റം ടൈൽ വിരിച്ചും നിറങ്ങൾ നൽകിയതോടെ വീടിന്റെ പകിട്ടൊന്ന് വേറെ തന്നെ. കൂടാതെ വീടിന്റെ ഉള്ളിലും മുൻവശത്തും ചുറ്റും വൈദ്യുതി വിളക്കുകളും കൂടി ഘടിപ്പിച്ച് വെളിച്ചം പകർന്നതോടെ ഒന്നാന്തരമായി. മകളുടെ കരവിരുതിലും അച്ഛന്റെ നിറച്ചാർത്തിലും വീട് മിന്നുകയാണ്. പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മി നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നാട്ടിലെ അറിയപ്പെടുന്ന പഴയകാല ചിത്രകാരനായ രാജേന്ദ്രൻ, രാജൻ കുഴൂർ എന്ന പേരിലാണ് കലാസൃഷ്ടികൾ നടത്തിരുന്നത്.
സ്വർണാഭരണങ്ങളിൽ വിവിധ രൂപങ്ങളുടെ കൊത്തുപണി ചെയ്യുന്ന രാജേന്ദ്രന് ലോക്ക് ഡൗൺ കാലം വറുതിയുടേതായിരുന്നു. പ്രമുഖ ജ്വല്ലറികളിലൂടെ വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും വരെ ഈ കൊത്തുപണികൾ എത്തിയിരുന്നു. ഇനി എന്ന് പണി ലഭിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. അതിനിടയിലാണ് മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള മാർഗം കൂടിയായി ചിത്രപ്പണികൾ ചെയ്യുന്നത്. രാജൻ ഇപ്പോൾ താമസിക്കുന്ന ഐരാണിക്കുളത്ത് തൊട്ടടുത്ത വീട്ടിലെ ഭിത്തിയിൽ വർണ മനോഹരമായ ചിത്രങ്ങൾ വരച്ചതും ഈ ലോക്ക് ഡൗൺ അവസരത്തെ പ്രയോജനപ്പെടുത്തിയാണ്. പണി ഇല്ലാതാക്കിയെങ്കിലും തന്റെ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്നതിലൂടെ നേരമ്പോക്കിനൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗമായി മാറ്റിയിരിക്കുകയാണ് ഇദ്ദേഹം.