തൃശൂർ: വിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ തിരിച്ചെത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ട്, കെയർ സെന്ററുകളായി മാറ്റാൻ കഴിയുന്ന കെട്ടിടങ്ങൾ കൂടുതലായി കണ്ടെത്തും. എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. ശൗചാലയത്തോടു കൂടിയ പ്രത്യേക മുറികൾ ഉള്ള കെട്ടിടങ്ങളാണ് കൊവിഡ് കെയർ സെന്ററുകളായി ഇതിനകം കണ്ടെത്തിയത്.
എന്നാൽ 44 പഞ്ചായത്തുകളിൽ ഈ സൗകര്യമുളള കെട്ടിടങ്ങൾ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി ഇവിടങ്ങളിൽ നിരീക്ഷണ സൗകര്യമുളള മറ്റു കെട്ടിടങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കും. വൻതോതിൽ പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യമുണ്ടായാൽ മാത്രം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇപ്പോഴത്തെ നിലയിൽ നിയന്ത്രിതമായി തിരിച്ചെത്തുന്നവർക്കുള്ള സൗകര്യം ഇതിനകം ഒരുക്കിയിട്ടുള്ളതായി യോഗം വിലയിരുത്തി.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയശേഷം സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവരവരുടെ വീടുകളിലേക്ക് മാറാനുള്ള സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായുളള ക്രമീകരണങ്ങൾക്ക് എം.എൽ.എമാർ നേതൃത്വം നൽകും. പെയ്ഡ് ക്വാറന്റൈൻ സൗകര്യം ആഗ്രഹിക്കുന്ന വിദേശ മലയാളികൾക്കായി 11 ഹോട്ടലുകൾ ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമുകളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. പുതിയ അംഗങ്ങളെ ടീമുകളെ ഉൾപ്പെടുത്തും.
ജനകീയ ഹോട്ടലുൾക്കായി സ്ഥലം കണ്ടെത്താനും എം.എൽ.എമാർ ഇടപെടും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനായി. ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ ബി.ഡി. ദേവസ്സി, യു.ആർ. പ്രദീപ്, വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ, കെ.വി. അബ്ദുൾ ഖാദർ, അനിൽ അക്കര, ഗീത ഗോപി, കളക്ടർ എസ്. ഷാനവാസ് എന്നിവർ പങ്കെടുത്തു.