കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിനു കീഴിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സേവാഭാരതി മരുന്നുകൾ ലഭ്യമാക്കിയതിനെ ചൊല്ലി വിവാദം. ലഭ്യമാക്കിയ മരുന്നുകൾ പലതും കാലഹരണപ്പെട്ടതാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തുകയും ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുകയും ചെയ്തതതോടെയാണ് വിവാദം ഉയർന്നത്.
പ്രാഥമിക അന്വേഷണത്തിൽ മരുന്നുകൾ പലതും കാലഹരണപ്പെട്ടതാണെന്നും അത്തരം മരുന്നുകൾ കൊണ്ടുവന്ന് തള്ളാനുള്ള ഇടങ്ങളല്ല ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. ഉപയോഗശൂന്യമായ മരുന്നുകൾ നൽകുന്നവർക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കുവാനുള്ള ഉത്തരവാദിത്തം പി.എച്ച്.സി കാണിക്കണമെന്ന് ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് വിനിൽ ദാസ്, മറ്റു ഭാരവാഹികളായ അഫ്‌സാദ്, ഫഹദ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ ആരോപണം അപഹാസ്യമാണെന്നാണ് സേവാഭാരതിയുടെ നിലപാട്. മറുപടി പോലും അർഹിക്കാത്തതാണ് ആക്ഷേപമെന്ന് അധികൃതർക്ക് തന്നെ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്നും കൂട്ടിച്ചേർത്തു. അര ലക്ഷത്തോളം രൂപയുടെ അവശ്യമരുന്നകൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പതിനായിരം രൂപയുടെ ആയുർവേദ മരുന്നുകൾ ആയുർവേദ ആശുപത്രിയിലും ലഭ്യമാക്കിയതിന് പുറമെ മികച്ച ഡോക്റുടെ സേവനം പ്രയോജനപ്പെടുത്തി, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചും അർഹരായവർക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാക്കാനും സേവാഭാരതിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒദ്യോഗിക സംവിധാനത്തിനൊപ്പം തന്നെ പ്രവർത്തിച്ച് മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാനാകാത്തവിധം സന്നദ്ധസേവന പ്രവർത്തനങ്ങൾ നടത്തിയ സേവാഭാരതിയെ അടിസ്ഥാന രഹിതമായ ആരോപണം ഉയർത്തി ആക്ഷേപിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സേവാഭാരതിയുടെ മുൻനിരക്കാരിലൊരാളായ എം.ബി. ഷാജി കൂട്ടിച്ചേർത്തു.