തൃശൂർ: കാലവർഷത്തിന് ആഴ്ചകൾ ശേഷിക്കെ കുടിവെള്ള പദ്ധതിക്കായി നഗരത്തിൽ പൊളിച്ചിട്ട റോഡുകളുടെ ടാറിംഗ് തുടങ്ങിയില്ല. ഇവ പൂർത്തിയാക്കാൻ മാസങ്ങളെടുത്തേക്കും. ഇതോടെ മഴപെയ്താൽ റോഡുകൾ ചെളിക്കുളമാകുമെന്നാണ് സൂചന. ലോക്ക് ഡൗണിന് ശേഷം നഗരത്തിലെത്തുന്നവരെ കാത്തുകിടന്നത് ദുരിതപർവ്വമായിരുന്നു.
അമൃത് പദ്ധതി പ്രകാരമാണ് നഗരത്തിലെ ഭൂരിഭാഗം റോഡുകളും പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇതുവരെ അറുപത് ശതമാനത്തോളം നിർമ്മാണം മാത്രമാണ് പൂർത്തിയായത്. എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായാൽ മാത്രമേ റോഡ് ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് കഴിയുകയുള്ളൂവെന്നാണ് കോർപറേൻ അധികൃതരുടെ പക്ഷം.
മേയ് അവസാനത്തോടെ പണി പൂർത്തിയാക്കാമെന്ന് കരുതിയെങ്കിലും കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ തിരിച്ചടിയായി. എന്നാൽ അതിനു മുമ്പും വേണ്ടത്ര വേഗം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം, നേരത്തെ പൈപ്പിടൽ പൂർത്തിയായ റോഡുകൾ ജനുവരി പത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് മുൻ മേയർ അജിത വിജയൻ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വർഷകാലത്ത് നഗരയാത്ര ഏറെ ദുരിതപൂർണ്ണമായേക്കും.
ഗതാഗതക്കുരുക്ക് രൂക്ഷം
ലോക്ക് ഡൗൺ കഴിയുന്നതോടെ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ മൂലം കുരുക്ക് രൂക്ഷമായേക്കും. ഇനിയും പണി പൂർത്തിയാകാതെ കിടക്കുന്ന ദിവാജി മൂലയിലെ അടിഭാഗത്തും കൽവെർട്ട് നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകാനും ആഴ്ചകളെടുക്കും.
പൊളിച്ച പ്രധാന റോഡുകൾ
പോസ്‌റ്റ് ഓഫീസ് റോഡ്
കുറുപ്പം റോഡ്
പൂത്തോൾ റോഡ്
വടക്കേെ സ്റ്റാൻഡ് താത്കാലിക ബസ് സ്റ്റാൻഡ് പരിസരം
വെളിയന്നൂർ റോഡ്
അരിയങ്ങാടി മുതൽ അമ്പക്കാട് ജംഗ്ഷൻ വരെ
കുടിവെള്ള പദ്ധതിക്കും ടാറിഗിനുമായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന തുക - 139 കോടി
നിർമ്മാണം പൂർത്തിയായിരിക്കുന്നത് - 60 ശതമാനം (പൈപ്പിടൽ മാത്രം)
പൈപ്പ് ലൈനുകൾ സ്ഥാപിച്ച് അതിലൂടെ വെള്ളം പമ്പ് ചെയ്ത് ചോർച്ചകളും മറ്റും ഉണ്ടെങ്കിൽ പരിഹരിച്ച ശേഷം നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമെ ടാറിംഗ് ആരംഭിക്കാനാകൂ. നിർമ്മാണം പൂർത്തീകരിച്ചാൽ ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കും.
- അജിതാ ജയരാജൻ, മേയർ
നഗരത്തിലെത്തുന്ന യാത്രക്കാരുടെ ക്ലേശം പരിഹരിക്കാൻ കോർപറേഷൻ തയ്യാറാകുന്നില്ല. അടിയന്തര പ്രധാന്യത്തോടെ റോഡ് ടാറിംഗ് പൂർത്തിയാക്കാൻ ഇടപെടണം. മഴക്കാലമാകാൻ എതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് കോർപറേഷന്റെ ഈ കെടുകാര്യസ്ഥത
- രാജൻ പല്ലൻ കോർപറേഷൻ, പ്രതിപക്ഷ നേതാവ്
നഗരത്തിലെ റോഡുകൾ വർഷകാലം ആരംഭിക്കുന്നതിന് മുമ്പ് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണം. മഴക്കാലപൂർവ ശുചീകരണംസമയബന്ധിതമായി പൂർത്തിയാക്കണം.
- എം.എസ്.സമ്പൂർണ്ണ,ബി.ജെ.പി പാർലിമന്റെറി പാർട്ടി ലീഡർ