തൃശൂര്‍: വാളയാർ അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട തങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ഇടത് സൈബർ ട്രോളര്‍മാരും ചേര്‍ന്ന് വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തുന്നുവെന്ന് എം.പിമാരായ ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ ആരോപിച്ചു.

വാളയാറില്‍ ഒരു തരത്തിലുള്ള സമരവും നടത്തിയിട്ടില്ല. ചെന്നൈയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് പാലക്കാട് കളക്ടര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ രോഗി വാളയാറില്‍ എത്തിയത് ഇക്കഴിഞ്ഞ ഒമ്പതിന് രാത്രി പത്തരയോടെയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവിടെയുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനുള്ള സംവിധാനം ഒരുക്കി രാത്രി പത്ത് മണിയോടെ തങ്ങള്‍ വാളയാറില്‍ നിന്നും പുറപ്പെട്ട് പതിനൊന്ന് മണിയോടെ തൃശൂരിൽ തിരിച്ചെത്തിയിരുന്നു.

ആര് ക്വാറന്റൈനില്‍ പോകണമെന്ന് നിശ്ചയിക്കേണ്ടത് മന്ത്രിയല്ല, ആരോഗ്യ പ്രവര്‍ത്തകരാണെന്നും ടി.എന്‍. പ്രതാപന്‍ എം.പി പറഞ്ഞു. വാളയാറില്‍ അതേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഡ്യൂട്ടിയില്‍ തുടരുന്നുണ്ട്. പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്നിവരും അതേദിവസം വാളയാറിലുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കുമില്ലാത്ത എന്ത് ക്വാറന്റൈനാണ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് മാത്രമായി വേണ്ടത്.

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പോകേണ്ടതില്ലെന്ന തീരുമാനത്തിന് വിരുദ്ധമായാണ് ഗുരുവായൂരില്‍ ഇക്കഴിഞ്ഞ ഏഴിനെത്തിയ പ്രവാസികളെ കാണാൻ എട്ടിന് പുലര്‍ച്ചെ മന്ത്രി എ.സി മൊയ്തീന്‍ പോയത്. സാമൂഹിക അകലം പോലും പാലിക്കാതെ മന്ത്രി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഇടപെടുന്നതിന്റെ ദൃശ്യങ്ങളും ടി.എന്‍. പ്രതാപന്‍ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. മന്ത്രി ക്വാറന്റൈനില്‍ പോകണമെന്ന് തങ്ങള്‍ പറയുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എം.പി മാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, അനില്‍ അക്കര എം.എല്‍.എ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.