ചാവക്കാട്: കെട്ടിയൊതുക്കാത്ത കൈതോടുകൾ വൃത്തിയാക്കുമ്പോൾ ജൈവ വൈവിധ്യ ശോഷണ പ്രവർത്തനങ്ങൾ പരമാവധി കുറക്കുന്ന നടപടികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് ജൈവ വൈവിധ്യ പരിസ്ഥിതി സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് സർക്കാരിനോടാവശ്യപ്പെട്ടു.
തോടുകൾക്കരികിലെ കുറ്റികാടുകൾ യന്ത്രക്കൈ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ നഷ്ടപ്പെടുന്നത് ഉരഗജീവികളും വള്ളി സസ്യങ്ങളും അടങ്ങിയ ആവാസവ്യവസ്ഥയാണ്. കൈതോടുകളും വലിയതോടുകളും ചെറിയ ഇഴജീവികളുടേയും ചെറിയ ജന്തുക്കളുടേയും ആവാസയിടങ്ങളായി രൂപം മാറിയിട്ടുള്ളതാണ്. പുറത്തെ കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാനായി ചെറിയ ജീവജാലങ്ങളായ ഉഭയജീവികളായ വിവിധ ഇനം തവളകൾ, കരയാമകൾ, സിസിലിയൻ, വിവിധ ഇനം പാമ്പുകൾ, അരണകൾ, ഓന്തുകൾ, ഉടുമ്പുകൾ, പറക്കുന്ന അണ്ണാനുകൾ, തോടിന്റെ കരയിൽ മുട്ടയിടുന്ന പൊന്മാൻ, നത്ത്, കുളക്കോഴികൾ, വിവിധ ഇനം എലികൾ, ചിത്രശലഭങ്ങളുടെ ലാർവകൾ എന്നിവയൊക്കെ ഇവിടെയാണ് ഉള്ളത്. തോടുകൾ വൃത്തിയാക്കുമ്പോൾ ഈ ജീവികൾ ഇവിടെ നിന്ന് പുറത്ത് വരികയും ഈ തോടുകളുടെ ഓരത്ത് താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവാനും സധ്യതയുണ്ട്.
തദ്ദേശീയമായ ജൈവ വൈവിധ്യ മാനേജ്‌മെന്റ് കമിറ്റികൾ ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിർദ്ദേശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കുരിയൻ ജെയ്ക്കബ്, ആശ ദേവി, സലിം ഐ ഫോക്കസ് എന്നിവർ സംസാരിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.