എരുമപ്പെട്ടി: കൊവിഡ് കാലത്ത് കുടിവെള്ള വിതരണത്തിൽ കടങ്ങോട് പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസ് കവാടം ഉപരോധിച്ചു. പ്രതിപക്ഷ വാർഡുകളിലേക്ക് വെള്ളം തരാതെ ഭരണ പക്ഷത്തെ വാർഡുകളിൽ ആവശ്യത്തിലധികം വെള്ളം എത്തിച്ച് ജനങ്ങളെ തരം തിരിച്ച് കാണുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പഞ്ചായത്തിലെ സന്നദ്ധസേനയെ ഡി.വൈ.എഫ്.ഐയുടെ പോഷക സംഘടനയാക്കി മാറ്റാൻ ഭരണസമിതി ശ്രമിക്കുകയാണെന്നും അംഗങ്ങൾ ആരോപിച്ചു. ഉപരോധ സമരത്തിന് കോൺഗ്രസ് പ്രതിപക്ഷ അംഗങ്ങളായ പി.സി ഗോപാലകൃഷ്ണൻ, പി.വി കൃഷ്ണൻ, പി.വി പ്രസാദ്, ലിബിൻ കെ മോഹനൻ, ദീപ രാമചന്ദ്രൻ, ആമിന സുലൈമാൻ നേതൃത്വം നൽകി. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
അതേസമയം പ്രതിപക്ഷ ആരോപണം തെറ്റാണെന്ന് പ്രസിഡന്റ് രമണി രാജൻ അറിയിച്ചു. വാർഡ് മെമ്പർമാർ എഴുതി തന്ന പ്രദേശങ്ങളിലാണ് വെള്ളം വിതരണം നടത്തുന്നത്. ഇതിന് നേതൃത്വം നൽകാൻ വാർഡ് മെമ്പർമാർക്ക് ഉത്തരവാദിത്വമുണ്ട്. അത് നിർവഹിക്കാതെ രാഷ്ട്രീയ മുതലെടുപ്പിനാണ് ഇവർ ശ്രമിക്കുന്നത്. സർക്കാർ സൈറ്റിൽ രജിസ്ട്രർ ചെയ്‌തിട്ടുള്ളവരെയാണ് സന്നദ്ധ പ്രവർത്തനത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും രമണി രാജൻ അറിയിച്ചു.