car
ദേശീയ പാതയിൽ അപകടത്തിൽപ്പെട്ട കാർ

ചാലക്കുടി: ദോഹയിൽ നിന്നുമെത്തിയ ഗർഭിണിയെ വീട്ടിലേക്ക് കൊണ്ടുപോകവേ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയെയും ഡ്രൈവറെയും പൊലീസ് സ്റ്റേഷനിൽ ഇരുത്തിയതിനെ തുടർന്ന് പൊലീസുകാർക്കും ക്വാറന്റൈനിൽ പോകാൻ ഡി.ജി.പിയുടെ നിർദ്ദേശം. എസ്.ഐ അടക്കം കൊരട്ടി സ്റ്റേഷനിലെ അഞ്ചും ഹൈവേ പൊലീസിലെ എസ്.ഐ ഉൾപ്പടെ മൂന്നു പേരെയുമാണ് വീടുകളിൽ നിരീക്ഷണത്തിലാക്കിയത്.

ചൊവ്വാഴ്ച രാത്രി ദേശീയ പാത ചിറങ്ങരയിലാണ് നിയന്ത്രണം വിട്ട് യുവതി സഞ്ചരിച്ച മഹീന്ദ്ര ക്വണ്ടസി കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞത്. നെടുമ്പാശേരിയിൽ നിന്നും ചേലക്കരയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനായി പോവുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ ഹൈവേ പൊലീസ് സ്ഥലത്തെത്തി ഇവരെയും കാർ ഡ്രൈവറെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കാർ തലകീഴായി മറിഞ്ഞെങ്കിലും സ്ത്രീക്ക് യാതൊരു പരിക്കും പറ്റിയിരുന്നില്ല. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ തന്നെ മറ്റൊരു കാർ സംഘടിപ്പിച്ച് യുവതിയെ അവരുടെ വീട്ടിലേക്ക് വിടുകയായിരുന്നു. സംഭവത്തിൽ വേണ്ടത്ര ജാഗ്രതയും വീണ്ടുവിചാരവും ഉണ്ടായില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രശ്‌നത്തിൽ ഡി.ജി.പി ഇടപെട്ടത്. തുടർന്നായിരുന്നു നടപടികൾ.