കാഞ്ഞാണി: ലക്ഷങ്ങൾ ചെലവഴിച്ച് മണലൂർ പഞ്ചായത്തിൽ നടപ്പിലാക്കിയ കുടിവെള്ള വിതരണ പദ്ധതി നോക്കുകുത്തി. പാലാഴിയിലും കരിക്കൊടിയിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മുരളി പെരുനെല്ലി എം.എൽ.എയുടെ പ്രദേശിക ഫണ്ടും പി.ആർ. രാജൻ എം.പിയുടെ ഫണ്ടും പഞ്ചായത്തിന്റെ വികസന ഫണ്ടുമാണ് ചെലവഴിച്ചത്.


കാരമുക്ക് 15ാം വാർഡിലെ ജലസംഭരണിയുടെ കേടുപാട് തീർത്ത് നടപ്പിലാക്കുന്ന പദ്ധതിയും പാലാഴി ഒന്നാം വാർഡിലെ ജലസംഭ്രരണിയിൽ നിന്ന് പാലാഴി തീരദേശ മേഖലകളിലേക്ക് ഭൂമിക്ക് അടിയിലൂടെ പൈപ്പീട്ട് നടപ്പാക്കുന്ന പദ്ധതിയുമാണ് നോക്കുകുത്തിയായത്. കരിക്കൊടിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനാണ് കാരമുക്കിലെ പദ്ധതി പ്രയോജനപ്പെടുക.

കരിക്കൊടിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് മുരളി പെരുനെല്ലി എം.എൽ.എ യുടെ പ്രാദേശിക ഫണ്ടിൽ നിന്ന് ആറ് ലക്ഷവും മണലൂർ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്ന് മൂന്നര ലക്ഷവുമാണ് അനുവദിച്ചത്. പാലാഴി തീരദേശ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷവും പി.ആർ രാജൻ എം.പി ഫണ്ടിൽ നിന്ന് 3.65 ലക്ഷവുമാണ് അനുവദിച്ചത്. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 1.81 ലക്ഷവും ഇതിനായി ചെലവാക്കിയിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പിലാക്കിയ രണ്ട് കുടിവെള്ള പദ്ധതികളും മാസങ്ങളായി അനാഥമായി കിടക്കുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പിലാക്കിയ കുടിവെള്ള പദ്ധതികൾ അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി നിലക്കൊള്ളുകയാണ്.


കരിക്കൊടിയിൽ കുടിവെള്ളത്തിന് ക്ഷാമമില്ലാത്തതിനാൽ പമ്പിംഗ് നടക്കുന്നില്ല.

പി.ടി ജോൺസൻ

വാർഡംഗം

................

പാലാഴിയിൽ കുടിവെള്ള പമ്പിന് കേടുപാടുകളുണ്ടായി. കേടുപാട് തീർക്കുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ജിഷ സുരേഷ്
വാർഡംഗം

................

ജലസംഭരണി പരിശോധിച്ച ശേഷം എന്തുചെയ്യണമെന്ന് പഞ്ചായത്ത് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും

വിജി ശശി

പഞ്ചായത്ത് പ്രസിഡന്റ്