മാള: ഷാപ്പ് തുറന്നെങ്കിലും കള്ള് എത്താൻ വൈകിയത് രാവിലെ മുതൽ കാത്തുനിന്നവർക്ക് ക്ഷമ പരീക്ഷണമായി. പാലക്കാട് നിന്ന് മാള റേഞ്ചിലെ ഷാപ്പുകളിലേക്ക് കള്ള് എത്തിയത് നാലിന് ശേഷമായിരുന്നു. അപ്പോഴേക്കും രാവിലെ മുതൽ കാത്തുനിന്നവരുടെ നീണ്ട വരിയായിരുന്നു ഉണ്ടായത്. സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും പൊലീസ് ഇടപെടേണ്ടി വന്നു.

കള്ള് ഷാപ്പുകൾക്ക് മുന്നിൽ നീണ്ട നിരയാണ് എല്ലായിടത്തും അനുഭവപ്പെട്ടത്. പാലക്കാട് നിന്ന് കള്ളുമായി എത്തിയ വാഹനം ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് 12 കഴിഞ്ഞതിനാൽ കടത്തിവിട്ടില്ല. തുടർന്ന് അടുത്തുള്ള എക്‌സൈസ് ഓഫീസിൽ നിന്ന് അനുമതി നേടിയാണ് മാള മേഖലയിലേക്ക് കള്ള് എത്തിച്ചത്.

മാള റേഞ്ചിലേക്ക് 1500 ലിറ്റർ കള്ളാണ് കൊണ്ടുവന്നത്. റേഞ്ചിലെ തൊഴിലാളികൾ ഉത്പാദിപ്പിക്കുന്ന 500 ലിറ്റൽ അടക്കം 2000 ലിറ്ററാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. ഓരോ ഷാപ്പിന്റെയും വിഹിതം ഒന്നര മണിക്കൂറിനുള്ളിൽ വിൽപ്പന പൂർത്തിയായിരുന്നു. മാള റേഞ്ചിലെ 48 ഷാപ്പുകളിൽ 42 എണ്ണമാണ് ആദ്യ ദിവസം തുറക്കാനായത്. അനുമതി ലഭിക്കാതിരുന്ന ആറ് ഷാപ്പുകൾ ഇന്ന് തുറക്കും.