തൃശൂർ: ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ഇന്നലെ ജില്ലയിൽ കള്ളുഷാപ്പുകളുടെ പ്രവർത്തനം തുടങ്ങി. ആകെ ലൈസൻസുള്ള 514 ഷാപ്പുകളിൽ 340 എണ്ണമാണ് ഇന്നലെ തുറന്നത്. ഇവിടെയെല്ലാം നീണ്ട നിരയായിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പലയിടത്തും ലംഘിക്കപ്പെട്ടു.

ഒരോ ഷാപ്പുകളിലും 50 ലിറ്റർ കള്ള് മാത്രമാണ് വിൽപ്പന നടത്തിയത്. ഭൂരിഭാഗം സ്ഥലങ്ങളിലും ഉച്ചയോടെ തന്നെ വിൽപ്പന അവസാനിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് പുറമേ പൊലീസിന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഇന്ന് കൂടുതൽ ഷാപ്പുകൾ തുറക്കുമെന്ന് എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ സാനു പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മറ്റ് ജില്ലകളിൽ നിന്ന് പെർമിറ്റോടെ കള്ള് ജില്ലയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.