collapsed-seawall
കടൽഭിത്തി തകർന്ന നിലയിൽ

ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ അഞ്ചങ്ങാടി വളവ് ഭാഗത്ത് നിർമ്മിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള കടൽഭിത്തി തകർന്നുക്കിടക്കുന്നത് തീരത്ത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇവിടെയുള്ള വീടുകൾക്കും ഇതോടെ ഭീഷണിയായി. വേലിയേറ്റ സമയത്ത് വെള്ളം വീടുകളിലേക്ക് അടിച്ചുകയറുന്നുണ്ട്. ശക്തമായ തിരയിൽ കല്ലുകൾ ഇളകി കടലിലേക്ക് ഒലിച്ചുപോകുന്നുണ്ട്. കടൽഭിത്തിയുടെ അടിഭാഗത്തെ കല്ലുകൾ നീങ്ങിയതിനെ തുടർന്ന് ഇതിലൂടെയും വെള്ളം അടിച്ചുകയറുന്നുണ്ട്. കരിങ്കല്ലുകൾ ചിന്നി ചിതറി കിടക്കുന്ന സ്ഥിതിയാണ്. പ്രധാനപ്പെട്ട റോഡായ കോർണീഷ് റോഡ് കടലിനോട് വെറും 40 മീറ്റർ അടുത്താണ്. വെള്ളം കരയിലേക്ക് കയറി പലപ്പോഴും ഇതിലൂടെയുള്ള ഗതാഗതവും തടസ്സപ്പെടാറുണ്ട്. വെള്ളത്തോടൊപ്പം മണ്ണ് കയറി റോഡ് തന്നെ മൂടിപ്പോകുന്ന സ്ഥിതിയും ഉണ്ടായിരുന്നു. കടപ്പുറം പഞ്ചായത്തിലെ തകർന്ന കടൽഭിത്തി ഉടനെ പുനർ നിർമ്മിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.