തൃശൂർ: ജില്ലയിൽ സപ്ലൈകോ നെല്ല് സംഭരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ കർഷകർക്ക് ലഭിച്ചത് 200 കോടി രൂപ. 236 കോടി മൂല്യം വരുന്ന നെല്ല് സപ്ലൈകോ സംഭരിച്ചതിന്റെ ഭാഗമായാണ് കർഷകർക്ക് ഈ തുക ലഭിച്ചത്. അതേസമയം ഏപ്രിൽ മുപ്പതിനകം മില്ലുകളിൽ സ്വീകരിച്ച നെല്ലിന്റെ മുഴുവൻ വിലയും വായ്പയായി അനുവദിച്ചിട്ടുണ്ട്.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്തും ജില്ലയിൽ നെല്ല് സംഭരണം സമ്പൂർണ വിജയമാണെന്നതിന് ഉദാഹരണമാണ് കർഷകർക്ക് കാലതാമസമില്ലാതെ തുക ലഭ്യമാക്കിയത്. മേയ് 30നകം നെല്ല് സംഭരണം പൂർത്തിയാക്കാൻ കഴിയുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. നെല്ല് സംഭരണം പൂർത്തിയാകുമ്പോൾ ഒരു ലക്ഷം ടൺ നെല്ല് വരെ സംഭരിക്കാൻ സപ്ലൈകോയ്ക്ക് സാധിക്കും.
ജില്ലയിൽ 47500 ഏക്കറിലാണ് നെല്ല് സംഭരിക്കുന്നത്. ഇതിൽ 9000 ഹെക്ടർ വരുന്ന കോൾ ഇതര മേഖലകളിൽ മുഴുവനും കൊയ്ത്തു കഴിഞ്ഞു നെല്ല് സംഭരിച്ചിട്ടുണ്ട്. 25000 ഏക്കർ വരുന്ന കോൾ മേഖലയിൽ 23790 ഏക്കറിലും സംഭരണം പൂർത്തിയാകുന്നു. 1253 ഏക്കർ മാത്രമാണ് കൊയ്ത്തു കഴിഞ്ഞ് നെല്ല് സംഭരിക്കാനുള്ളത്.