തൃശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 4.5 ലക്ഷം പച്ചക്കറി വിത്തുകളുടെ പാക്കറ്റുകൾ വിതരണം ചെയ്തു. കൃഷിഭവനുകൾ വഴിയാണ് വിതരണം. ഇതോടൊപ്പം ഒന്നരലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തു. പൊട്ടുവെള്ളരി സംഭരണവും വിപണനവും സ്തംഭിച്ച വേളയിൽ ഹോർട്ടികോർപ് കർഷകരുടെ മാർക്കറ്റ്, ഇക്കോ ഷോപ്പുകൾ എന്നിവ വഴി 25 ടൺ പൊട്ടുവെള്ളരിയാണ് കൃഷിവകുപ്പ് സംഭരിച്ച് വിറ്റത്. ഇതോടൊപ്പം 15 ടൺ പൈനാപ്പിളും സംഭരിച്ച് വിപണനം നടത്തി.

ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും കർഷകരുടെ വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതുവഴി കർഷകർക്ക് അവരുടെ ഉത്പാദന വസ്തുക്കൾ വിപണനം ചെയ്യാനും ആവശ്യക്കാർക്ക് വാങ്ങാനും വഴി ഒരുങ്ങി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളിൽ കൃഷി ചെയ്യാനുള്ള നടപടികളും തുടങ്ങി. 250 ഹെക്ടർ നിലത്ത് നെല്ല്, പച്ചക്കറി, വാഴ, എന്നിവയും 150 ഹെക്ടറിൽ കിഴങ്ങുവർഗങ്ങൾ, 20 ഹെക്ടറിൽ പയർ വർഗങ്ങൾ, 10 ഹെക്ടറിൽ ചെറു ധാന്യങ്ങൾ എന്നിവയും കൃഷി ചെയ്യാനുള്ള നടപടി കൃഷി വകുപ്പ് ആരംഭിച്ചു.