കൊടുങ്ങല്ലൂർ: സംസ്ഥാനത്തെ കള്ള് ഷാപ്പുകളിൽ കർശന നിയന്ത്രണങ്ങളോടെ കള്ള് വിൽപ്പനയ്ക്ക് അനുമതിയായതോടെ മോഖലയിൽ കള്ള് ഷാപ്പുകളിൽ മിക്കവയും തുറന്നു. ചെത്ത് കള്ള് അളവുള്ള ഷാപ്പുകളാണ് ഇന്നലെ തുറന്നത്. മേഖലയിലെ കള്ളിന്റെ അപര്യാപ്തത പരിഹരിക്കാൻ, പാലക്കാട് നിന്നാണ് ചെത്ത് കള്ള് എത്തിക്കുന്നതെന്നതിനാൽ അതിനുള്ള നടപടിയാകുന്നതോടെ മാത്രമേ മുഴുവൻ ഷാപ്പുകളുടെയും പ്രവർത്തനം പൂർണ്ണ തോതിലാകൂ.

രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെയാണ് ഷാപ്പുകളുടെ പ്രവൃത്തി സമയം.


ഷാപ്പിൽ ഇരുന്ന് കുടിക്കാൻ അനുമതിയില്ല, കള്ള് വാങ്ങാൻ എത്തുന്നവർ കൈയ്യിൽ കുപ്പി കരുതണം, ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കള്ള് ലിറ്ററിന് 120 രൂപയാണ് വില. ഷാപ്പിനുള്ളിൽ ഉപഭോക്താക്കൾക്ക് പ്രവേശനമില്ല, പുറത്ത് കൗണ്ടറുകൾ സജ്ജീകരിക്കണം, ഷാപ്പിൽ ഭക്ഷണം പാകം ചെയ്യാനോ വിൽക്കാനോ പാടില്ല, വിൽപ്പനയ്ക്ക് മുൻപും ശേഷവും ഷാപ്പും പരിസരവും അണുവിമുക്തമാക്കണം.

ജോലിക്കാർ നിർബന്ധമായും കൈയ്യുറയും മാസ്‌കും ധരിക്കണം, ജോലിക്കാരുടെ എണ്ണവും ക്രമീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ക്യൂവിൽ ഉണ്ടാകരുത്, ഷാപ്പ് പരിസരത്ത് കൂട്ടംകൂടാനോ കുടിക്കാനോ അനുവാദമില്ല, കള്ളുകൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും കോവിഡ് പ്രതിരോധ സുരക്ഷ ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഷാപ്പുകൾ പ്രവർത്തിക്കുകയെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.