പാവറട്ടി: മലയാള നോവൽ ശാഖയിൽ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന ഗ്രന്ഥത്തിന് തന്റെ ചിന്തയിലും കാഴ്ചപാടിലും കണ്ടെത്തിയ ആശയ പ്രതിപാദനത്തിലൂടെ നിരൂപണം തയ്യാറാക്കുകയാണ് ഈ ഒഴിവു വേളയിൽ ബേബി ജോൺ. നല്ലൊരു വായനക്കാരനും ഗ്രന്ഥശേഖരത്തിന് ഉടമയുമായ അദ്ദേഹം പൂവ്വത്തൂരിലെ കാട്ടേരിയിലുള്ള വീട്ടിലിരുന്നാണ് എല്ലാ തിരക്കുകളും മാറ്റി വച്ച് എഴുത്തിന്റെ പുതിയ ലോകം തീർക്കുന്നത്. നല്ലൊരു പ്രഭാഷകൻ കൂടിയായ ബേബി മാഷ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ആണ്.
പൊതു രംഗത്ത് അരനൂറ്റാണ്ട്' പിന്നിടുന്ന മാഷ് 1968ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ നിന്നാണ് ആദ്യമായി ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശ്ശയായി വായിക്കുന്നത്. പിന്നീട് അത് പല തവണ വായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സാഹിത്യ രംഗത്ത് ഇതുവരെ ആ നോവലിനെ കുറിച്ച് ഇറങ്ങിയ പഠനങ്ങളും നിരൂപണങ്ങളും എല്ലാം തേടി പിടിച്ച് വായിച്ചു. അപ്പോഴാണ് ഒരു നിരൂപകനും കണ്ടെത്താത്ത നൂതനമായ ആശയങ്ങൾ ബേബി ജോണിന് തോന്നുന്നത്. തുടർന്നാണ് നിരൂപണം എഴുതണമെന്ന തീരുമാനത്തിലെത്തുന്നത്. ആ നോവിലിനെ കുറിച്ചുള്ള പഠനങ്ങളും നിരൂപണങ്ങളൊന്നും തനിക്ക് ആത്മസംതൃപ്തി നൽകിയില്ലെന്ന് ബേബി മാഷ് പറയുന്നു. സാഹിത്യനിരൂപണ രംഗം ഇന്ന് സ്തുതി പാടലിന്റെ എഴുത്തായി മാറിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഫ്യൂഡൽ വ്യവസ്ഥിതിയുടെ ബലിയാടായാണ് അതിലെ പ്രധാന കഥാപാത്രമായ രവിയെ നിരൂപകർ സമർത്ഥിച്ചത്. എന്നാൽ ആ കഥാപാത്രം ഫ്യൂഡൽ വ്യവസ്ഥിതിയുടെ ബലിയാടല്ല എന്നാണ് ബേബി മാഷുടെ വിലയിരുത്തൽ. ഇത്തരം ആശയങ്ങൾ കണ്ടെത്തുകയാണ് തന്റെ നിരൂപണത്തിലൂടെ ലക്ഷ്യമെന്നും പറയുന്നു. ഈ ഒഴിവു സമയം കഴിയുന്നതോടെ രചന പൂർത്തീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. മലയാള നാടകവേദിയെ ഏറെ ഇഷ്ടപ്പെടുന്ന ബേബി മാഷ് 'ജന്മനാജായതെ' എന്ന ഒരു നാടകത്തിന്റെ രചനയും പൂർത്തിയാക്കി. ചിന്ത പബ്ലിക്കേഷൻസ് ആണ് അത് പ്രസിദ്ധീകരിക്കുന്നത്. 1998ൽ ആണ് ജന്മനാജായതെ എന്ന നാടകം ബേബിജോൺ എഴുതി സ്റ്റേജിൽ അവതരിപ്പിക്കുന്നത്. കൃസ്തീയ വിഷയം പറയുന്ന 'പിയാത്ത ' എന്ന നാടകത്തിന്റെ എഴുത്തും പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് മാഷ്.
ബേബി ജോൺ മാഷ് തന്റെ ഹോം ലൈബ്രറിയിൽ