മാള: മുളയെയും ജലാശയങ്ങളെയും കുറിച്ചുള്ള അറിവുകൾ ചുറ്റുപാടിൽ നിന്നുള്ള ദൃശ്യങ്ങളിലൂടെ പകർന്ന് ലോക്ക് ഡൗണിലും
പ്രകൃതി സംരക്ഷണത്തിന്റെ പാഠം പകരുകയാണ് പ്ളസ് ടു വിദ്യാർത്ഥിനി. വൈഷ്ണവി ഡി. മംഗലം എന്ന പ്ളസ്ടു വിദ്യാർത്ഥിനി വീടും പരിസരവും ചേർന്ന ദൃശ്യങ്ങളാണ് ഇതിനായി പകർത്തിയത്. വീട്ടുവളപ്പിൽ നട്ടുവളർത്തിയ 12 ഇനം അപൂർവ്വ മുളകൾ അടിസ്ഥാനമാക്കിയാണ് ആദ്യ ഡോക്യുമെന്ററി നിർമ്മിച്ചത്.
പുഴയോരത്തിന്റെ സംരക്ഷണ കവചമായിരുന്ന മുളകൾ ഇന്ന് അന്യമായെന്നും ഈ ലോക്ക് ഡൗൺ കാലത്ത് പ്രകൃതി വലിയ സന്ദേശമാണ് നൽകുന്നതെന്നും വൈഷ്ണവി വിവരിക്കുന്നു. കറുത്ത മുള, ബുദ്ധ വില്ലി, ലാത്തി മുള അടക്കമുള്ളവയാണ് വീട്ടുവളപ്പിലുള്ളത്.
ചാലക്കുടിപ്പുഴ, വൈന്തല ഭാഗത്ത് നിന്നും തിരിയുമ്പോൾ സമാന്തരമായി ഒരു കിലോമീറ്റർ മാറി രൂപം കൊണ്ട ജലാശയമാണ് കാണിച്ചാന്തുറ. പ്രളയകാലത്ത് ഈ ചാൽ പുഴ പോലെയായി. ചിറാൽ, വൈന്തല, വെണ്ണൂർ, പുറക്കുളം, കുഴൂർ പാട ശേഖരങ്ങളുടെ ഹൃദയമാണ് തുറ. പ്രകൃതിയൊരുക്കിയ ഈ തുറയുടെയും ചാലിന്റെയും സംരക്ഷണത്തിനുള്ള സന്ദേശം നൽകുന്നതാണ് വൈഷ്ണവിയുടെ രണ്ടാമത്തെ ഡോക്യുമെന്ററി.
കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയായ വൈഷ്ണവി ജേണലിസം പ്രധാന വിഷയമായിട്ടുള്ള ഹ്യുമാനിറ്റിസ് ആണ് എടുത്തിട്ടുള്ളത്. അദ്ധ്യാപികയായ ലക്ഷ്മിയാണ് ഡോക്യുമെന്ററി ചെയ്യാൻ പ്രചോദനം നൽകിയത്. ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും അവതരണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് വൈഷ്ണവി തന്നെയാണ്. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് അച്ഛൻ ദീപു എൻ. മംഗലമാണ്. എഡിറ്റിംഗ് അമ്മ ശ്രീജയാണ് പഠിപ്പിച്ചത്. ദീപു എൻ. മംഗലം വാളൂർ എൻ.എസ്.എച്ച്.എസിലെ പ്രധാനാദ്ധ്യാപകനും ശ്രീജ അതേ വിദ്യാലയത്തിലെ അദ്ധ്യാപികയുമാണ്.