കൊടുങ്ങല്ലൂർ: കുടിവെള്ളം കിട്ടാക്കനിയായപ്പോൾ ദമ്പതിമാർ അരയും തലയും മുറുക്കി രംഗത്തിറങ്ങി കിണർ കുഴിച്ചു. പുല്ലൂറ്റ് കോഴിക്കട പള്ളത്ത് കാട് റോഡിൽ പാറക്കൽ ശശിയുടെ മകൻ സിബിയും ഭാര്യ ശ്രുതിയുമാണ് കിണർ കുഴിച്ച് വെള്ളം കണ്ടത്. വാഹനങ്ങൾക്ക് ഗ്രീസ് അടിക്കുന്ന ജോലിക്കാരനായ സിബി കൊവിഡ് നിയന്ത്രണത്തെ തുടർന്ന് പണിയില്ലാതായപ്പോൾ തോന്നിയ ആശയം നടപ്പിൽ വരുത്തുകയായിരുന്നു.

ഏപ്രിൽ 19നാണ് കിണറിന്റെ പണിക്ക് തുടക്കം കുറിച്ചത്. രാവിലെ ആറിന് സിബിയും ശ്രുതിയും പണിയായുധവുമായി ഇറങ്ങും. പതിനൊന്നു മണി വരെ തുടരും. തുടർന്ന് വെയിലായാൽ പണി നിറുത്തി വിശ്രമിക്കുന്ന ഈ ദമ്പതികൾ വൈകിട്ട് മൂന്ന് കഴിയുമ്പോൾ വീണ്ടും കിണറുകുത്താൻ ഇറങ്ങും. വൈകീട്ട് ആറരയോടെ പണി നിറുത്തും. ഇങ്ങനെ 23 ദിവസം കൊണ്ടാണ് ഏഴുകോൽ കുത്തി കഴിഞ്ഞ ദിവസം വെള്ളം കണ്ടത്.

ഇതിനിടയ്ക്ക് സിബി രണ്ടു മൂന്നു ദിവസം സ്വന്തം പണിക്കും പോയി. വേനൽക്കാലമായാൽ ഇവിടെ കുടിവെള്ളം കീറാമുട്ടിയാണ്. തറവാട്ട് വീട്ടിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വേനൽ വരുന്നതോടെ വെള്ളം ചീത്തയാകും. പിന്നീട് വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഇതിന് മുമ്പ് ഒരു പരിചയം ഇല്ലാത്ത തങ്ങൾക്ക് ഇങ്ങനെയാവാമെങ്കിൽ നമ്മൾ വിചാരിച്ചാൽ എന്തു കാര്യവും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ദമ്പതിമാരായ സിബിയും ശ്രുതിയും. അടുത്ത ദിവസം വെള്ളം കോരി പായസം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ദമ്പതികൾ.