കയ്പമംഗലം: ശ്രീനാരായണപുരം ചെന്തെങ്ങ് ബസാറിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ നാല് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എസ്.എൻ പുരം പള്ളിനട സ്വദേശി ഊളക്കൽ വീട്ടിൽ സിദ്ധിക്ക് ( 23), മുള്ളൻ ബസാർ സ്വദേശികളായ നെടിയപറമ്പിൽ ഷാജഹാൻ (54), മകൻ മുജ്ത്തബ (22), വിളക്ക് പറമ്പിൽ റഷീദ് (50) എന്നിവരെയാണ് മതിലകം സി.ഐ സി. പ്രേമാനന്ദ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച്ച രാത്രിയിലാണ് മുള്ളൻബസാർ സ്വദേശി തലക്കാട്ട് ഷാനവാസിന് വെട്ടേറ്റത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന സിദ്ധിഖ് പ്രദേശത്തെ ഒരു കടക്ക് മുമ്പിൽ കൂട്ടുകാരുമൊത്ത് സ്ഥിരമായി തമ്പടിക്കുന്നത് ഷാനവാസ് ചോദ്യം ചെയ്തത് വാക്കേറ്റത്തിന് ഇടയാക്കി. ഇക്കാര്യം ഒത്തുതീർക്കാമെന്ന് പറഞ്ഞ് ഷാനവാസിനെ വിളിച്ച് ചെന്തെങ്ങ് ബസാറിലെ കടയ്ക്ക് മുന്നിലേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു.

വാൾ കൊണ്ട് കൈക്ക് വെട്ടേറ്റ ഷാനവാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോക്‌സോ, വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് സിദ്ദിഖ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 9 പേരുള്ള കേസിൽ ഇനി അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്. ഗ്രേഡ് എസ്.ഐ. ക്ലീസൺ, പൊലീസുകാരായ ഷിജു, മനോജ്, ശ്രീരാഗ്, നവീൻ, ഹരി, വിപിൻ, അനുരാജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.