ചാലക്കുടി: വൈറസിനെ പ്രതിരോധിക്കാൻ ഇഞ്ചിക്ക് കഴിയുമെന്നോ ? എങ്കിൽ ഇത്തവണത്തെ തന്റെ പറമ്പിലെ പ്രധാന കൃഷി അതുതന്നെയാകട്ടെ. കാലടി പ്ലാന്റേഷൻ കോർപറേഷനിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പൂലാനിയിലെ തറയിൽ രാജന്റെ ഉറച്ച തീരുമാനമായിരുന്നു ഇത്. രണ്ടേക്കർ ഭൂമിയിലെ ഇഞ്ചി വിത്ത് നടീൽ ഏതാണ്ട് പൂർത്തിയായി. കൊവിഡ് 19 ലോകത്തിൽ താണ്ഡവമാടുമ്പോൾ ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ലേഖനത്തിൽ നിന്നാണ് ഔഷധഗുണം തിരിച്ചറിഞ്ഞത്. ഇതോടെ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിൽ ചെറുനാരങ്ങ നീരൊഴിച്ച് തേനും ചേർത്ത് സേവിക്കും. ഈ സൂത്രവിദ്യ 75 കാരനായ രാജേട്ടൻ അന്നുമുതൽ വീട്ടിൽ പരീക്ഷിക്കും. നാട്ടിൽ കൂടുതൽ ഇഞ്ചിവിളയണമെന്ന ആഗ്രഹമാണ് ഇതോടൊപ്പം തോട്ടത്തിൽ പുതിയ കൃഷിക്ക് പ്രേരണ. തെങ്ങിൻ തൈകൾ, കവുങ്ങ്, റംബൂട്ടാൻ, മാങ്കോസ്റ്റിൻ എന്നിവയും തോട്ടത്തിൽ വളരുന്നു. നേരത്തെ ഇവിടെ റബ്ബറിനായിരുന്നു സ്ഥാനം. വീടിരിക്കുന്ന സ്ഥലമാണ് ജാതിയടക്കമുള്ള ജൈവ പച്ചക്കറി കൃഷിയുടെ വിളനിലം. കീടനാശിനിയും രാസവളവും ഇദ്ദേഹത്തിന്റെ പറമ്പിലേയ്ക്ക് എത്തി നോക്കിട്ടേയില്ല. കോഴിക്കാഷ്ഠം, പിണ്ണാക്ക്, ചാണകം തുടങ്ങിയവയാണ് ഉപയോഗിക്കുക. ഭാര്യ സരളയും പ്രോത്സാഹനവുമായി കൂടെയുണ്ട്. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് നൂറു മാർക്ക് നൽകുന്ന റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് പക്ഷെ, സംസ്ഥാനത്തെ പെൻഷൻ സമ്പ്രദായത്തോട് തെല്ലും യോജിപ്പില്ല. സർവ്വീസിൽ നിന്നും വിരമിക്കുന്ന മുഴുവൻ ജീവനക്കാർക്കും 25,000 രൂപ പെൻഷൻ നൽകുന്ന പുതിയ നിയമം കൊണ്ടു വരണമെന്നും അദ്ദേഹം പറയുന്നു.