തൃശൂർ: കോൺഗ്രസ് പ്രതിനിധികൾ നിരീക്ഷണത്തിലിരിക്കണമെന്ന പാലക്കാട് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശത്തെ ചൊല്ലി ജില്ലയിലും രാഷ്ട്രീയ വിവാദം. എതാനും ദിവസം മുമ്പ് എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യഹരിദാസ്, വി.കെ ശ്രീകണ്ഠൻ, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ വാളയാർ ചെക്ക് പോസ്റ്റിൽ കുടുങ്ങി കിടക്കുന്നവരെ സന്ദർശിക്കാൻ പോയിരുന്നു. ഇക്കൂട്ടത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോകണമെന്ന് പാലക്കാട് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചത്.

എന്നാൽ ഇത് രാഷ്ട്രീയക്കളിയാണെന്ന ആരോപണവുമായി കോൺഗ്രസെത്തിയതോടെ വിവാദം കത്തിക്കയറി. തങ്ങളെ നിരീക്ഷണത്തിലാക്കുകയാണെങ്കിൽ എതാനും ദിവസം മുമ്പ് വിദേശത്ത് നിന്ന് വന്നവരെ ഗുരുവായൂരിൽ സ്വീകരിക്കാൻ പോകുകയും വന്നവരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ അവിടെ ഉണ്ടായിരുന്ന മന്ത്രി എ.സി മൊയ്തീൻ, കെ.വി അബ്ദുൾ ഖാദർ എം.എൽ.എ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ നിരീക്ഷണത്തിൽ പോകണമെന്ന വാദം ഉയർത്തി കോൺഗ്രസ് രംഗത്തെത്തി.

ഇതോടെ തൃശൂർ ജില്ലാ ഭരണകൂടം സമ്മർദ്ദത്തിലായി. ഒരേ സാഹചര്യമാണ് രണ്ടിടത്തും ഉണ്ടായത്. അങ്ങനെ വന്നാൽ മന്ത്രിമാരടക്കമുള്ളവരും നിരീക്ഷണത്തിൽ പോകേണ്ടി വരും. തങ്ങൾ തിരിച്ചു പോയതിന് ശേഷമാണ് കൊവിഡ് രോഗി അവിടെ വന്നതെന്നാണ് എം.പി.മാരുടെ വാദം. അതേസമയം ഇപ്പോൾ നിരീക്ഷണത്തിൽ പോകണമെന്ന് പറയുന്ന ജനപ്രതിനിധികൾ സംഭവം നടന്ന് പത്താം തീയതിക്ക് ശേഷം നിരവധി പേരുമായി ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം മൂന്നു പേരും ബെന്നി ബഹ്നാൻ എം.പിയും ചേർന്ന് ഡി.സി.സിയിൽ പത്രസമ്മേളനവും നടത്തി. അങ്ങനെയെങ്കിൽ അതിൽ പങ്കെടുത്ത മാദ്ധ്യമ പ്രവർത്തകരും നിരീക്ഷണത്തിൽ പോകേണ്ടി വരും. മന്ത്രി എ.സി മൊയ്തീനടക്കമുള്ളവരെ നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഡി.എം.ഒ ഓഫീസിന് മുന്നിൽ ധർണ്ണയും നടത്തി.

വിവാദത്തിൽ തകരുമോ കൊവിഡ്

സമ്പർക്ക പട്ടികയിൽ തട്ടി ഇരുപാർട്ടികളും രാഷ്ട്രീയം കളിച്ചാൽ കൊവിഡ് പ്രതിരോധ നടപടികൾ താളം തെറ്റുമെന്ന് ആരോഗ്യവിദഗ്ദ്ധർ. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് വേണ്ടതെന്നാണ് വിദഗ്ദ്ധാഭിപ്രായം. പൊതുജനത്തിന് മാതൃകയാകേണ്ട ജനപ്രതിനിധികൾ തന്നെ വിലക്കുകൾ ലംഘിച്ചാൽ കാര്യങ്ങൾ ലഘുവായെടുക്കാൻ ജനവും മുതിരും. ഇത് സാമൂഹിക വ്യാപനത്തിലേക്കും മറ്റ് ഗുരുതരസ്ഥിതിയിലേക്കും കാര്യങ്ങളെത്തിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.