കൊടുങ്ങല്ലൂർ: ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പായി കൂലിപ്പണിക്കായി കൊടുങ്ങല്ലൂരിലെത്തിയ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നുള്ള കുടുംബം സാമൂഹിക പ്രവർത്തകരുടെ കൈത്താങ്ങിൽ പുതിയ വാടക വീട്ടിലേക്ക് താമസം മാറി. നഗരസഭയുടെ അഗതി രക്ഷാ കേന്ദ്രത്തിൽ 41 ദിവസം താമസിച്ച പാണ്ഡ്യ കുമാറിനും കുടുംബത്തിനുമാണ് കമ്മ്യൂണിറ്റി കിച്ചൻ്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നവരുടെ കൂട്ടായ്മ വാടക വീട് കണ്ടെത്തി നൽകിയത്.

അഗതി രക്ഷാ കേന്ദ്രവും ഒപ്പമുള്ള കമ്മ്യൂണിറ്റി കിച്ചണും പ്രവർത്തനം നിറുത്തിയതിനെ തുടർന്ന് തെരുവിലിറങ്ങേണ്ട അവസ്ഥയിലായ ഘട്ടത്തിലായിരുന്നു ഇത്. മേത്തലയിലെ എൽത്തുരുത്തിൽ ഇവർ കണ്ടെത്തിയ വാടക വീട്ടിൽ ഒരു കുടുംബത്തിനാവശ്യമായ മുഴുവൻ സാമഗ്രികളും ഒരുക്കി. നഗരസഭാ കൗൺസിലർമാരായ എം.കെ സഗീർ, എം.എസ് വിനയകുമാർ, കമ്മ്യൂണിറ്റി കിച്ചൺ കൂട്ടായ്മ അംഗങ്ങളായ റുവിൻ വിശ്വം, സനൽ, സിനിൽ, സിജിത്ത്, സലി എന്നിവരടങ്ങിയ സംഘമാണ് പാണ്ഡ്യ കുമാറിനും കുടുംബത്തിനും വീടൊരുക്കിയത്. ഇവരുടെ നല്ല മനസിന് നന്ദി പറഞ്ഞ് തമിഴ് കുടുംബം പുതിയ വീട്ടിൽ പാല് കാച്ചി താമസമാരംഭിച്ചു.