തൃശൂർ: അതിവർഷമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുകയും അടിയന്തര തയ്യാറെടുപ്പിന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്‌തെങ്കിലും ഏനാമാവിലെ താത്കാലിക വളയം കെട്ട് ബണ്ട് പൊട്ടിച്ചില്ല. പെട്ടെന്ന് മഴ ശക്തമാവുകയും ഡാമുകൾ തുറക്കുകയും ചെയ്താൽ നഗരവും പരിസരപ്രദേശവും മുങ്ങും. കൊവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ വെളളപ്പൊക്കവും ഉണ്ടായാൽ ഇരട്ടി ആഘാതം ഉണ്ടായേക്കും.
കഴിഞ്ഞ ആഗസ്റ്റിൽ പെയ്ത കനത്തമഴയിൽ വെളളപ്പൊക്കമുണ്ടായതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ഏനാമാവ് ബണ്ട് തുറന്നുവിടാത്തതായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് മന്ത്രി വി.എസ് സുനിൽകുമാർ, ജലവിഭവ വകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ശകാരിക്കുകയും ഓഫീസിൽ കുത്തിയിരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബണ്ട് പൊട്ടിച്ചത്. അരിമ്പൂർ, ചാഴൂർ, നെടുപുഴ, താന്ന്യം എന്നിവിടങ്ങളിലും തൃശൂരിന്റെ താഴ്ന്ന പ്രദേശങ്ങളിലും വൻ വെള്ളക്കെട്ടാണുണ്ടായത്. ഇടിയൻചിറയിലും വളയംകെട്ടുകൾ കഴിഞ്ഞ പ്രളയത്തിന് പൊട്ടിച്ചിരുന്നു. ഷട്ടർ ഉയർത്തി പരമാവധി വെള്ളം തുറന്നുവിട്ടതോടെയാണ് വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയത്.
ഇടിയൻചിറയിലും വളയംകെട്ടുകൾ പൊട്ടിച്ചു. രണ്ടു റഗുലേറ്ററിലേയും ഷട്ടർ ഉയർത്തി പരമാവധി വെള്ളം തുറന്നുവിട്ടു. ഇതോടെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ തുടങ്ങി.
പാഴാകുന്നത് 40 ലക്ഷം ?
ബണ്ട് നിർമ്മാണത്തിന്റെ പേരിൽ വർഷം തോറും ചെലവിടുന്നത് നാൽപത് ലക്ഷം രൂപയാണെന്നാണ് ആരോപണം. നിലവിലെ റെഗുലേറ്റർ നവീകരിച്ചാൽ ഈ ദുർവ്യയം ഒഴിവാക്കാം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാനുള്ള സർക്കാർ നിർദ്ദേശം ഉള്ളപ്പോഴാണിത്. റെഗുലേറ്ററിലെ ഷട്ടറുകളിൽ ചോർച്ചയുണ്ട്. ഇത് നവീകരിച്ചാൽ ഷട്ടറുകൾ ഉയർത്താനും താഴ്ത്താനും എളുപ്പമാകും. പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനാണ് ഷട്ടറുകൾ അടയ്ക്കുന്നത്. ഷട്ടറുകൾ കേടായതിനാലാണ് വീണ്ടും ബണ്ട് നിർമിച്ചത്.
നിബന്ധനകൾ
ബണ്ട് കൃത്യസമയത്ത് നിർമ്മിച്ച് യഥാസമയം പൊട്ടിച്ചുവിടണം
നിർമ്മിക്കുന്നതിനും പൊളിക്കുന്നതിനും കരാറുകാരന് പണം നൽകും
മാനദണ്ഡപ്രകാരം നടുവിലാണ് ബണ്ട് പൊട്ടിക്കേണ്ടത്
പൊട്ടിച്ചശേഷം മണ്ണെടുത്ത് കരയ്ക്ക് കൂട്ടണം
മദ്ധ്യഭാഗം പൊട്ടിച്ച് യന്ത്രസഹായത്തിൽ വശങ്ങളിലേക്ക് നീക്കണം
ഹൈക്കോടതിയിലേക്ക്
ചിലരുടെ കീശയിൽ പണമെത്താനാണ് ബണ്ട് നിർമ്മാണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ഷട്ടറുകൾ നവീകരിച്ചാൽ കർഷകരുടെ പ്രശ്‌നം മാത്രമല്ല തൃശൂരിന്റെ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമാകും. ഷട്ടർ നവീകരണത്തിന് പണം മുൻകാലങ്ങളിൽ അനുവദിച്ചതാണ്. നവീകരണം മാത്രം നടന്നില്ല
ഷാജി ജെ. കോടങ്കണ്ടത്ത്, ജനറൽ സെക്രട്ടറി, ഡി.സി.സി.