തൃശൂർ : വാളയാറിൽ കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ ടി.എൻ പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ എന്നിവർ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇരുവരെയും നിരീക്ഷണത്തിലാക്കാനുള്ള പാലക്കാട് മെഡിക്കൽ ബോർഡിന്റെ ഉത്തരവ് ഇന്നലെ ഉച്ചയോടെ തൃശൂർ ഡി.എം.ഒ വഴി കൈമാറി. അതിന് മുമ്പ് തന്നെ പ്രതാപൻ തളിക്കുളത്തെ വീട്ടിലും അനിൽ അക്കര വടക്കാഞ്ചേരിയിലെ ഓഫീസിലും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു.
തങ്ങൾക്ക് നിരീക്ഷണം വേണമെങ്കിൽ വിദേശത്ത് നിന്ന് വന്നവരുമായി അടുത്ത് പെരുമാറിയ മന്ത്രി എ.സി മൊയ്തീനും കെ.വി അബ്ദുൾ ഖാദർ എം.എൽ.എയും ജില്ലാ കളക്ടർ എസ്. ഷാനവാസും നിരീക്ഷണത്തിൽ ഇരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിവാദം കത്തിക്കയറുന്നതിനിടെയാണ് ഇരുവരും നിരീക്ഷണത്തിൽ പോയത്. അനിൽ അക്കര വ്യാഴാഴ്ച്ച രാത്രി തന്നെ ഓഫീസിൽ നിരീക്ഷണത്തിലായിരുന്നു.
തൃശൂരിലെ ജനപ്രതിനിധികളായ ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും പാലക്കാട് ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരം
രോഗസാദ്ധ്യത കുറഞ്ഞ സെക്കൻഡറി സമ്പർക്ക പട്ടികയിലാണ്. എങ്കിലും ഹോം ക്വാറന്റൈൻ വേണമെന്നായിരുന്നു നിർദ്ദേശം. വ്യാഴാഴ്ച വൈകിട്ട് ചേർന്ന തൃശൂർ മെഡിക്കൽ ബോർഡ് സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നലെ ഈ തീരുമാനം മാറ്റി പാലക്കാട് ഡി.എം.ഒയുടെ നിർദ്ദേശം തന്നെ കൈമാറുകയായിരുന്നു. പാലക്കാട് മെഡിക്കൽ ബോർഡ് തീരുമാനം രേഖാമൂലം കൈമാറിയത് ഒരു ദിവസത്തിന് ശേഷമാണ്.
മന്ത്രി നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വടക്കാഞ്ചേരിയിലുള്ള മന്ത്രി വസതിക്ക് മുന്നിൽ ധർണ നടത്തി.