എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് വടശ്ശേരി കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ബി.ജെ.പിയെ കൂട്ടുപിടിച്ച് കോൺഗ്രസ് തടസ്സപ്പെടുത്തുന്നതായി സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഏഴ്, എട്ട് വാർഡുകളിലെ നൂറിനടുത്ത് കുടുംബങ്ങൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അമ്പത് വർഷമായി കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന വെള്ളറക്കാട് വാർഡിൽ ഡി.സി.സി സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന് വർഷങ്ങളോളമിരുന്നിട്ടും വെള്ളക്ഷാമം പരിഹരിക്കാൻ ഒരു പദ്ധതി പോലും നടപ്പാക്കിയില്ല. നിലവിലെ ഭരണസമിതി ഇതിന് ശ്രമിക്കുമ്പോൾ വാർഡ് മെമ്പറും കോൺഗ്രസ് നേതാക്കളും തടസപ്പെടുത്തുകയാണ്.പഞ്ചായത്തും പൊലീസും ചർച്ചയ്ക്ക് വിളിച്ചിട്ടും മെമ്പർ ദീപ രാമചന്ദ്രൻ ഉൾപ്പടെയുള്ളവർ തയ്യാറാകുന്നില്ല.

വാർഡിലെ എല്ലാ ഭാഗങ്ങളിലും വെള്ളം എത്തിയതിന് ശേഷം മാത്രമേ പദ്ധതി അനുവദിക്കൂവെന്ന വിചിത്രവാദമാണ് ഇവർ ഉന്നയിക്കുന്നത്. ജനങ്ങളെ മുൻനിറുത്തി പദ്ധതി നടപ്പിലാക്കാൻ രംഗത്തിറങ്ങുമെന്നും സി.പി.എം അറിയിച്ചു. ലോക്കൽ കമ്മിറ്റി അംഗം പി.ഇ. ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി യു.വി. ഗിരീഷ്, ഏരിയ കമ്മിറ്റി അംഗം പി.എസ്. പ്രസാദ് പങ്കെടുത്തു.